തുടര്‍ച്ചയായ മൂന്നാം ദിവസവും കൊയിലാണ്ടി നഗരത്തിലെ ഡിവൈഡറിലിടിച്ച് വാഹനാപകടം; യാത്രക്കാര്‍ക്ക് പരിക്കില്ല


കൊയിലാണ്ടി: തുടര്‍ച്ചയായ മൂന്നാം ദിവസവും കൊയിലാണ്ടി നഗരത്തിലെ ഡിവൈഡറിലിടിച്ച് വാഹനാപകടം. മാരുതി ബ്രസ കാറാണ് താലൂക്ക് ആശുപത്രിയ്ക്ക് മുന്നിലെ ഡിവൈഡറില്‍ ഇടിച്ചത്. യാത്രക്കാര്‍ക്ക് പരിക്കില്ല. കാറിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസവും സമാനമായ രീതിയില്‍ ഇവിടെ അപകടമുണ്ടായിട്ടുണ്ട്. സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തതും വെളിച്ചക്കുറവുമാണ് അപകടത്തിന് കാരണമായത്.

തിങ്കളാഴ്ച രാത്രിയില്‍ മാരുതി 800 കാറാണ് ഇതേ ഡിവൈഡറില്‍ ഇടിച്ച് അപകടമുണ്ടായത്. ചൊവ്വാഴ്ച കിയ സെല്‍റ്റോസ് കാറും അപകടത്തില്‍ പെട്ടു. ശനിയാഴ്ചയും സമാനമായ രീതിയില്‍ അപകടം നടന്നിരുന്നു.

സൂചനാ ബോര്‍ഡുകളും വെളിച്ചത്തിനുള്ള സംവിധാനങ്ങളുമെല്ലാം ഒരുക്കി വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

കൊയിലാണ്ടിയിലെ സൗന്ദര്യവത്കരണത്തിനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായാണ് ഈ ഡിവൈഡറുകള്‍ സ്ഥാപിച്ചത്. ദേശീയപാത വിഭാഗം ട്രാഫിക് അഡൈ്വസറി ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് ഡിവൈഡര്‍ സ്ഥാപിച്ചത്.