ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (06/06/23) അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം
മൂന്നാം പട്ടയമേള ജൂൺ 12ന്
 
സംസ്ഥാന സർക്കാരിന്റെ മൂന്നാം പട്ടയമേള ജില്ലയിൽ ജൂൺ 12 ന് രാവിലെ 9:30 ന് ജൂബിലി ഹാളിൽ നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ, ജില്ലയിലെ എം പി മാർ എം എൽ എ മാർ തുടങ്ങിയർ ചടങ്ങിൽ പങ്കെടുക്കും.

അപേക്ഷ ക്ഷണിച്ചുകേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്  നടപ്പാക്കുന്ന ‘ഒരു വില്ലേജിൽ ഒരു വ്യവസായ സംരംഭം’ എന്ന പദ്ധതിയുടെ ഭാഗമായി പുതിയ യൂണിറ്റുകൾ ആരംഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. 2023-24 സാമ്പത്തിക വർഷത്തിലേക്ക് പി.എം.ഇ.ജി.പി, എന്റെ ഗ്രാമം പദ്ധതികൾ പ്രകാരമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. പദ്ധതി പ്രകാരം പരമാവധി 50ലക്ഷം രൂപ വരെ അടങ്കൽ ഉള്ള ഗ്രാമ വ്യവസായ യൂണിറ്റുകൾ ആരംഭിക്കാം. 95% വരെ ബാങ്ക് വായ്പ ലഭിക്കും. പ്രോജക്ട് തുകയുടെ 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്സിഡി ഗ്രാന്റ് ഖാദി ബോർഡ് വഴി നൽകും. താല്പര്യമുള്ളവർക്ക് ചെറൂട്ടി റോഡിലുള്ള ജില്ലാ ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് : 0495-2366156

ചക്കിട്ടപാറയിൽ സേവാസ് ഓഫീസ് പ്രവർത്തനം തുടങ്ങി

ചക്കിട്ടപാറയിൽ സേവാസ് പദ്ധതിയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.എം ശ്രീജിത്ത്‌ അധ്യക്ഷനായി.

പാർശ്വവത്കൃത മേഖലയിലെ കുട്ടികൾ കൂടുതൽ താമസിക്കുന്ന പഞ്ചായത്തിനെ ദത്തെടുത്ത് വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകി പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതിയാണ് സേവാസ്. അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി. സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോ-ഓർഡിനേറ്റർ വി.പി നിത, ട്രെയിനർ കെ ഷാജിമ, പി.പി ലിനീഷ്. ഹിമ പി.കെ, രഞ്ജിത് എൽ.വി, ഷിജി കെ.ടി, ബി ആർ സി പ്രവർത്തകർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ആയഞ്ചേരിയിൽ റോഡുകളുടെ ഉദ്ഘാടനം ജൂൺ 12 ന് ; സംഘാടക സമിതി രൂപീകരിച്ചു

കേരള പൊതുമരാമത്ത് വകുപ്പ് ബജറ്റിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ച് നവീകരണ പ്രവൃത്തി പൂർത്തീകരിച്ചതും ആരംഭിക്കുന്നതുമായ    ആയഞ്ചേരിയിലെ മൂന്നു റോഡുകളുടെ ഉദ്ഘാടനം ജൂൺ 12 ന് 2.30 ന് ആയഞ്ചേരി ബസ്റ്റാന്റ് പരിസരത്ത് നടക്കും.

പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കും. പൊക്ലാറത്ത് താഴെ- മാണിക്കോത്ത് താഴെ റോഡ്, ആയഞ്ചേരി – തിരുവള്ളൂർ റോഡ്, വില്ല്യാപ്പള്ളി – ആയഞ്ചേരി റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക.

ഉദ്ഘാടന പരിപാടികളോടനുബന്ധിച്ച് ആയഞ്ചേരി കമ്മ്യൂണിററി ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ  ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ചെയർമാൻ കാട്ടിൽ മൊയ്തു മാസ്റ്റർ, കൺവീനർ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, ഖജാൻജി കെ സോമൻ എന്നിവർ ഉൾക്കൊള്ളുന്ന 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, പി. യെം ലതിക എന്നിവർ സംസാരിച്ചു.

അറിയിപ്പ്

ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ കിസാന്‍ സേവാ കേന്ദ്രം ബയോ ഇന്‍പുട്ട് സെന്റര്‍ തയ്യാറാക്കുന്ന വിളയാധിഷ്ഠിത വളങ്ങളും സൂക്ഷ്മമൂലകങ്ങളും മറ്റ് ഉത്പന്നങ്ങളും വാങ്ങാൻ കര്‍ഷകര്‍ക്ക് അവസരം. www.spiisry.int എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി വാങ്ങാനുള്ള സൗകര്യവുമുണ്ട്. ഐ.ഐ.എസ്.ആര്‍ കൃഷിധന്‍ നഴ്‌സറിയില്‍ നിന്നുള്ള മികച്ചയിനം ജാതി, കുരുമുളക് തൈകള്‍, തെങ്ങ്, കമുക് മറ്റു പഴവര്‍ഗ്ഗ വിളകളുടെ തൈകള്‍ തുടങ്ങിയവയും കര്‍ഷകര്‍ക്ക് ലഭ്യമാണ്. ഫോണ്‍: 9995826799

അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതിക്ക് കീഴില്‍ (വനിതാ ശാക്തീകരണ പദ്ധതി) വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബശ്രീ അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംഘത്തില്‍ ചുരുങ്ങിയത് 5 പേരെങ്കിലും ഉണ്ടായിരിക്കണം. പരമാവധി വായ്പാ തുക 500000/ രൂപ.  വായ്പക്ക് പ്രത്യേക ജാമ്യം ആവശ്യമില്ല. അപേക്ഷകര്‍ 18നും 55നും മദ്ധ്യേ പ്രായമുള്ളവരും വാര്‍ഷിക വരുമാനം 300000/ രൂപയില്‍ കവിയാത്തവരും ആയിരിക്കണം. 3 വര്‍ഷം തിരിച്ചടവ് കാലാവധിയുള്ള വായ്പകള്‍ക്ക് 5% ആണ് പലിശ നിരക്ക്.
താല്പര്യമുള്ളവര്‍ വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനുമായി എരഞ്ഞിപ്പാലത്ത് (ജില്ലാ സഹകരണ ആശുപത്രിക്ക് സമീപം) പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് : 0495  2767606, 9400068511

പരാതികള്‍ക്ക് പരിഹാരവുമായി മന്ത്രി നേരിട്ട് എത്തുന്നു

കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ ജൂണ്‍ 10 മുതല്‍ ജനകീയ സദസ്സും വാര്‍ഡുതല അദാലത്തും

തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ജനങ്ങളുടെ വികസന ആവശ്യങ്ങള്‍ കേള്‍ക്കുന്നതിനും മുന്‍കൂട്ടി ലഭിച്ച പരാതികള്‍ പരിഹരിക്കുന്നതിനും ജനകീയ സദസ്സും വാര്‍ഡ് തല അദാലത്തും സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് നാടിന്റെ വികസന പ്രശ്നങ്ങള്‍ നേരിട്ടറിയാനും അവയ്ക്ക് പരിഹാരം കാണാനുമായി മന്ത്രി ജനങ്ങൾക്കിടയിലേക്ക് എത്തുന്നത്.

ഭൂമി സംബന്ധമായ വിഷയങ്ങള്‍ അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം, സര്‍ട്ടിഫിക്കറ്റുകള്‍/ ലൈസന്‍സുകള്‍ നല്‍കുന്നതിനുള്ള കാലതാമസം/ നിരസിക്കല്‍, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ പദ്ധതികളായ വിവാഹ/പഠന ധനസഹായം,ക്ഷേമപെന്‍ഷന്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം, തെരുവുനായ സംരക്ഷണം/ശല്യം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചു മാറ്റുന്നത്, അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും, വയോജന സംരക്ഷണം, തെരുവ് വിളക്കുകള്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, പൊതുജല സ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ള പ്രശ്‌നങ്ങളും, റേഷന്‍ കാര്‍ഡ്, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികള്‍,ശാരീരിക/ബുദ്ധി/ മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, പ്രാദേശിക വികസന പ്രശ്‌നങ്ങള്‍ എന്നിവയാണ് അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍.

ജൂണ്‍ 10ന് കെ.സി.എം.എ യു.പി സ്‌കൂള്‍ കാച്ചിലാട്ട്, 17ന് ജി.വി.എച്ച്.എസ് എസ് ആഴ്ചവട്ടം, 18ന് ജി.വി.എച്ച്.എസ്.സ് പയ്യാനക്കല്‍ എന്നിവിടങ്ങളിലാണ് അദാലത്തുകള്‍ നടത്തുന്നത്.

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 17 അപ്ലൈഡ്‌സയന്‍സ് കോളേജുകളിലേക്ക് 2023-24 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകളിലേക്ക് അനുവദിച്ച 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക്: www.ihrd.ac.in. കൂടുതൽ വിവരങ്ങൾക്ക് : 8547005029.

കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് മേഖലാ ഓഫീസ് ഉദ്ഘാടനം ജൂൺ 8 ന്കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ കോഴിക്കോട് റീജിയണൽ ഓഫീസ് ഉദ്ഘാടനം ജൂൺ 8ന് രാവിലെ 10.30 ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. കോഴിക്കോട് ജില്ലയിലെ റിസ്ക് ഫണ്ട് ഫയൽ തീർപ്പാക്കൽ അദാലത്തിന്റെയും ധനസഹായ വിതരണത്തിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിക്കും. സ്നേഹാഞ്ജലി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും.

കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകളെ ഉൾപ്പെടുത്തി കോഴിക്കോട് കോർപ്പറേഷൻ വികസന അതോറിറ്റിയുടെ വികാസ് ബിൽഡിംഗിലാണ് പുതിയ മേഖല ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്.

ചടങ്ങിൽ എം.പിമാരായ എം.കെ രാഘവൻ, എളമരം കരീം, മേയർ ഡോ.ബീന ഫിലിപ്പ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ബോർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുക്കും.