യാത്രയ്ക്കിടെ ഹൃദയാഘാതം; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു


കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

വട്ടപ്പാറ എസ്.യു.ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നിന്ന് കടയ്ക്കലിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.

മുന്‍ അധ്യാപിക എസ്.സുധര്‍മ്മയാണ് ഭാര്യ. ഡോ. റാണി കൃഷ്ണ, ഡോ. വേണി കൃഷ്ണ, വിഷ്ണു ജി. കൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.

കൃഷ്ണന്‍ നായരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1949 ല്‍ പ്രയാറിലാണ് അദ്ദേഹം ജനിച്ചത്. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലേക്കെത്തി. കൊല്ലം എസ്.എന്‍ കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റാണ്. 2000 മുതല്‍ ദീര്‍ഘകാലം മില്‍മ ചെയര്‍മാനായിരുന്നു. നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിലെ അംഗമായും പ്രവര്‍ത്തിച്ചു.

നങ്ങ്യാര്‍കുളങ്ങര കോളജില്‍ യൂണിയന്‍ ചെയര്‍മാനായി. ഈ സമയത്ത് അമ്പലപ്പുഴ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ സൈക്കിള്‍ റാലി നങ്ങ്യാര്‍കുളങ്ങരയില്‍ സംഘടിപ്പിച്ചതാണ് കെ.എസ്.യു ജില്ലാ സെക്രട്ടറി പദവിയിലേക്കു വഴി തുറന്നത്. പശു വളര്‍ത്തലും പാല്‍ വില്‍പ്പനയുമായിരുന്നു അച്ഛന്‍ ആര്‍.കൃഷ്ണന്‍ നായരുടെ പ്രധാന തൊഴില്‍.

പഠനകാലത്ത് രാവിലെ ചായക്കടയില്‍ പാല്‍ കൊടുക്കാന്‍ പോകുന്നത് പ്രയാറിന്റെ ശീലമായിരുന്നു. വളര്‍ന്നപ്പോള്‍ ക്ഷീരമേഖലയായി കര്‍മമണ്ഡലം. കേരള സ്റ്റേറ്റ് മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ എന്ന സംഘടനയുണ്ടാക്കി. ഈ സംഘടനയുടെ ബാക്കിപത്രമാണു കേരളത്തിലെ മില്‍മ.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പ്രയാര്‍ ഗോപാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ചു.