കലയുടെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ; ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ദീപ്ത സ്മരണയിൽ കഥകളി വിദ്യാലയത്തിൽ പ്രവേശനോത്സവവും വിദ്യാർത്ഥി സംഗമവും


ചേമഞ്ചേരി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണയിൽ ചേലിയ കഥകളി വിദ്യാലയത്തിൽ പ്രവേശനോത്സവവും വിദ്യാർത്ഥി സംഗമവും നടന്നു. വിജയദശമി നാളിൽ കലാപരിശീലനത്തിന് ഹരിശ്രീ കുറിച്ച കുരുന്നുകളുടെ പ്രവേശനോത്സവമാണ് നടന്നത്. ഒപ്പം ഗുരു ചേമഞ്ചേരിയുടെയും കഥകളി വിദ്യാലയത്തിലെ മറ്റ് അധ്യാപകരുടെയും ശിഷ്യസംഗമവും നടന്നു.

വിവിധ ക്ലാസുകളിലായി കലാഭ്യസനം നടത്തി വരുന്ന 200 ഓളം വിദ്യാർത്ഥികളും പൂർവ വിദ്യാർഥികളും പ്രവേശനോത്സവ പരിപടികളിൽ സജീവമായി പങ്കാളികളായി. സിനിമാ നാടക പ്രവർത്തകനായ നൗഷാദ് ഇബ്രാഹിം, നാടക സിനിമാ രംഗങ്ങളിൽ സജീവ സാന്നിധ്യമായ ശിവദാസ് പൊയിൽക്കാവ് ,പ്രശസ്തനായ ശില്പിയും ചിത്രകാരനുമായ ഷാജി പൊയിൽക്കാവ് എന്നീ പ്രതിഭകൾ ചേർന്ന് പ്രവേശനോത്സവവും വിദ്യാർഥി സംഗമവും ഉദ്ഘാടനം ചെയ്തു.

സമർപ്പണ മനോഭാവവും കഠിനാധ്വാനവുമാണ് കലയുടെ നേരറിവുകൾ തൊട്ടറിയാനുള്ള ഒരേയൊരു വഴി എന്ന് അവർ അഭിപ്രായപ്പെട്ടു. വിവിധ ക്ലാസ്സുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ലളിതഗാനം, ഏകാഭിനയം, മിമിക്രി, മലയാള പദ്യം, ചെണ്ട, മേളം, നാടോടി-ശാസ്ത്രീയ നൃത്ത ഇനങ്ങൾ, കഥകളി എന്നിവ അവതരിപ്പിച്ചു.

‘മാമ്പഴം’ ഫെയിം ദിവ്യാ കിരൺ പ്രവേശനോത്സവ ഗാനം ആലപിച്ചു. ചടങ്ങിൽ കഥകളി വിദ്യാലയം പ്രസിഡന്റ് ഡോ. എൻ.വി.സദാനന്ദൻ, സെക്രട്ടറി സന്തോഷ് സദ്ഗമയ എന്നിവർ സംസാരിച്ചു. തുടർന്ന് രക്ഷിതാക്കൾ പങ്കെടുത്ത പി.ടി.എ ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.