‘ഇപ്പോഴും നിസ്‌കാരക്കുപ്പായം കാണുമ്പൊ ആ പഴയ ഗള്‍ഫ് യാത്രയാണ് ഓര്‍മ്മയിലെത്തുക’; വിമാനത്താവളത്തിൽ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന കസ്റ്റംസ് പരിശോധനയുടെ രസകരമായ അനുഭവം സ്‌കൈ ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയിലൂടെ പങ്ക് വയ്ക്കുന്നു, മൊയ്തീന്‍ കൊയക്കോട്ട്
മൊയ്തീൻ കൊയക്കോട്ട്
കീറിപ്പറിഞ്ഞ ഒരു നിസ്‌കാരക്കുപ്പായം പുതപ്പാക്കി ചുരുണ്ടുകൂടിക്കിടക്കുന്ന കൊച്ചുമോളുടെ ഓമനമുഖത്തേക്ക് കൗതുകത്തോടെ ഞാന്‍ നോക്കി നിന്നു. എന്താ ഇങ്ങനെ, വൈകുന്നേരം ഉറങ്ങാറില്ലല്ലോ ഇവള്‍. നെറ്റിയില്‍ കൈവച്ചു നോക്കി. നേരിയ പനിയുണ്ടെന്ന് തോന്നുന്നു. ഉണര്‍ത്തണ്ട, ഉറങ്ങിക്കോട്ടെ. വരാന്തയില്‍ വന്നിരുന്നു. ബാല്യത്തിന്റെ സുന്ദരഘട്ടം എത്രവേഗമാണ് കടന്നുപോവുന്നത്. ‘കുഞ്ഞേ, നിന്റെ ഭാവി എന്തായിരിക്കും’. ഓരോരുത്തര്‍ക്കും ഓരോ ജീവിതങ്ങള്‍ ഉടയതമ്പുരാന്‍ കണക്കാക്കിയിട്ടുണ്ട്. തറയില്‍ കറങ്ങുന്ന പമ്പരം പ്രതലത്തില്‍ എവിടെയെല്ലാം എത്തുമെന്നും ഏത് നിമിഷത്തില്‍ കറക്കം അവസാനിക്കുമെന്നും നമുക്കറിയില്ലല്ലോ.
വയോമിത്രം മരുന്ന് വിതരകേന്ദ്രത്തില്‍ നിന്ന് ഷുഗറിന്റെയും പ്രഷറിന്റെയും ഗുളികകള്‍ വാങ്ങി നടന്ന് വീട്ടിലെത്തുമ്പോഴേക്കും ഞാന്‍ നന്നായി ക്ഷീണിച്ചിരുന്നു.
മുറ്റക്കൊള്ളില്‍ മുരിങ്ങമരക്കൊമ്പില്‍ വന്നിരുന്ന് ഒരു ചാവാലിക്കിളി എന്നോടെന്തോ പറഞ്ഞ് വീണ്ടും പറന്ന് എങ്ങോട്ടോ പോയി. ഇരതേടി രാവിലെ എവിടേക്കെന്നില്ലാതെ പറന്ന് തുടങ്ങുന്ന പക്ഷികള്‍ നിറഞ്ഞ വയറുമായി തന്റെ കുഞ്ഞിന് തീറ്റയും കൊണ്ട് വൈകുന്നേരം കൂടണയുന്നു. അതാണ് പ്രകൃതിയുടെ രീതി. ഓരോ കുരുവിയുടെയും ആഹാരം ഉടയതമ്പുരാന്‍ ഭൂമിയില്‍ കരുതിവച്ചിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട കിളീ, ഞാനും നിന്നെപ്പോലെയായിരുന്നു ഒരു കാലത്ത്. ഒരു വ്യത്യാസം മാത്രം. നീ നിത്യവും നിന്റെ കൂടണയുന്നു. ഞാന്‍ ഒരിക്കല്‍ വീട് വിട്ടിറങ്ങി തിരികയെത്താന്‍ പലപ്പോഴും വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു- പ്രവാസം.
‘എന്താ ഹാജിമൊയ്തൂ, വൈന്നേരം കോലായിലിരുന്ന് ആലോയ്ക്കുന്നേ?’
പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ് വീട്ടില്‍ സ്വസ്ഥജീവിതം നയിക്കുന്ന അയല്‍വാസി കുഞ്ഞിക്കണ്ണന്റെ ചോദ്യം എന്നെ ചിന്തയില്‍ നിന്ന് ഉണര്‍ത്തി.
‘ഞാനിങ്ങനെ ഓരോന്ന് നിരീക്കായിരുന്നെടാ… ഇഞ്ഞ് ഇരിക്ക് കുഞ്ഞിക്കണ്ണാ, മ്മക്കൊക്കെ ബേറെ എന്താടാ പണി.’ – കസേര നീക്കിയിട്ടുകൊടുത്തുകൊണ്ട് ഞാന്‍ പറഞ്ഞു.
‘ഞാനിവിടിരിക്കാം’ – കോലായപ്പടിയില്‍ ചുമരും ചാരിയിരുന്ന് അവന്‍ പറഞ്ഞു.
ഇയ്യെന്താ ആലോചിച്ചോണ്ടിരുന്നേ? അവന്‍ ചോദിച്ചു.
‘ഒന്നൂല്ല, എന്തോ ആലോചിച്ച് ആലോചിച്ച് അവസാനം ഗള്‍ഫിലെത്തി.’ – എന്തായിരുന്നു അവസാനം ചിന്തിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
‘ആ, അത് കൊള്ളാം, നിന്റെ ഗള്‍ഫ് കഥ കേട്ടിട്ട് കുറേയായി… ഒരു ഗള്‍ഫ് കഥ ഇങ്ങ് പോരട്ടെ’
‘നോക്ക് ചങ്ങായ്യേ, കൊച്ച് മോള് അകത്ത് കിടന്നുറങ്ങുന്നുണ്ട്. ഓള് പൊതച്ചത് എന്താന്നറിയ്യോ? ഒരു നിസ്‌കാരക്കുപ്പായം. ഞാനൊരു നിസ്‌കാരക്കുപ്പായത്തിന്റെ കഥ പറയാം.’
അപ്പോഴേക്കും ആമിന രണ്ട് ഗ്ലാസ് കട്ടന്‍ ചായയും മിച്ചറുമായി വന്നു. ‘പഞ്ചാര ഇട്ടിട്ടില്ല, രണ്ടാളേലും അത് വേണ്ടോളണ്ടല്ലോ’ – ആമിന പറഞ്ഞു.
ചായയോടൊപ്പം ഞാന്‍ കഥ പറഞ്ഞു തുടങ്ങി.
അന്നൊക്കെ ഇപ്പഴത്തെ പോലെയല്ല, ഗള്‍ഫീന്ന് വരുമ്പോ മീറ്ററുകണക്കിന് ഫോറിന്‍ തുണികള്‍ കൊണ്ടുവരും. ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും ഫോറിന്‍ കുപ്പായവും ലുങ്കികളും കിട്ടുന്നത് ഗള്‍ഫുകാരില്‍ നിന്നാണ. നാട്ടില്‍ പരുത്തി തുണിമാത്രം ലഭിച്ചിരുന്ന കാലം.
റൂമിലെ നാലഞ്ചു സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഒരാളെ നാട്ടിലേക്ക് പറഞ്ഞയക്കുക. സാമ്പത്തികമായും ശാരീരികമായും ഈ സഹായം ഉണ്ടായിരുന്നു. നാട്ടില്‍ പോവുന്നതിന്റെ ആഴ്ചകള്‍ക്ക് മുമ്പ് തുടങ്ങും ഒരുക്കങ്ങള്‍. നാട്ടിലേക്ക് കൊണ്ടുപോവാനുള്ള സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കണം, അവ കുറേശ്ശെയായി വാങ്ങി വെക്കണം. അടുത്ത സുഹൃത്തുക്കളോടും പരിചയക്കാരോടും യാത്ര പറയണം, അങ്ങനെയങ്ങനെ.
തലേദിവസമാണ് പെട്ടികെട്ടല്‍. അതൊരു പ്രധാനചടങ്ങാണ്. ഒരു പ്രത്യേകതരം ചരടുകൊണ്ടാണ് പെട്ടികെട്ടുന്നത്. തലങ്ങനെയും വിലങ്ങനെയും ചരട് വലിഞ്ഞുമുറുകിക്കഴിഞ്ഞാല്‍ പെട്ടിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നും. അതിനകത്തുള്ള സാധനങ്ങള്‍ എങ്ങനെയെങ്കിലും പുറത്ത് കടക്കാന്‍ കുതറുന്നത് പോലെ തോന്നും. എല്ലാം കഴിഞ്ഞപ്പോള്‍ സുഹൃത്ത് കൊളാരി ഇബ്രായിക്ക പറഞ്ഞു, ‘മൊയ്തീനേ, ഇഞ്ഞൊരു വലിയ നിസ്‌കാരക്കുപ്പായം കൂടി മാങ്ങിക്കോ, ന്നിറ്റ് ഇന്റെ ഹാന്റ് ബേഗില്‍ വച്ചോ, ആവശ്യണ്ടാവും.’
അതെന്തിനാ ഇബ്രായിക്കാ നിസ്‌കാരക്കുപ്പായം, എന്റെ ഓക്ക് രണ്ട് ജോഡി നിസ്‌കാരക്കുപ്പായമുണ്ട് – ഞാന്‍ ചോദിച്ചു.
അതല്ല മൊയ്തീനേ, നീ ആദ്യായ്ട്ടല്ലേ നാട്ടീ പോണത്. വിമാനമിറങ്ങി കസ്റ്റംസിന്റെ മുന്നിലെത്തുമ്പോള്‍ അയിറ്റിങ്ങള്‍ക്ക് ഒരു പരിപാടിയുണ്ട്, മനിഷനെ എടങ്ങാറാക്കാന്‍.
പെട്ടിക്കകത്ത് സ്വര്‍ണമോ ലഹരിമരുന്നോ മറ്റോ ഉണ്ടോന്ന് നോക്കണമെന്ന് പറഞ്ഞ് പെട്ടിയുടെ കെട്ടഴിക്കാന്‍ പറയുമവര്. എല്ലാവരെയും അവര് പരിശോധിക്കില്ല. എന്നാലും പരിശോധിച്ചാലോ…
‘അതിന് പെട്ടി തുറക്കാതെ തന്നെ അകത്തുള്ള സാധനം സ്‌കാന്‍ ചെയ്യുന്ന മെഷീനുണ്ടല്ലോ’ – കുഞ്ഞിക്കണ്ണന്‍ തന്റെ ജ്ഞാനം വിളമ്പി.
എടാ, അതൊക്കെ ഇപ്പഴല്ലേടാ. പത്ത് മുപ്പത് കൊല്ലം മുമ്പത്തെ കഥയല്ലേ ഞാന്‍ പറയുന്നത്. ഞാന്‍ ആ നിസ്‌കാരക്കുപ്പായം എന്തിനാണെന്ന് പറയാം.
അവര് കയറെല്ലാം അഴിച്ച് പെട്ടി തുറക്കും, പരിശോധന കഴിഞ്ഞാല്‍ പെട്ടി വീണ്ടും പഴയ പോലെ കെട്ടാന്‍ സാധിക്കില്ല. തലേന്ന് ഒന്ന് രണ്ട് പേര് വലിയ ചടങ്ങിയിക്കെട്ടിയ പെട്ടിയാണ് ഇപ്പോ എയര്‍പോര്‍ട്ടിലെ തിരക്കില്‍ അഴിച്ചിട്ടിരിക്കുന്നത്. എങ്ങനെ ഒതുക്കിക്കെട്ടിയാലും കുറഞ്ഞ് സാധനങ്ങള്‍ ബാക്കിവരും. അതൊക്കെ വാരിപ്പൊതിയാനാണ് നിസ്‌കാരക്കുപ്പായം. പെട്ടിയില്‍ കൊള്ളാത്ത സാധനങ്ങള്‍ വാരി ഒരു നിസ്‌കാരക്കുപ്പയത്തിനകത്തിട്ട് രണ്ട് ഭാഗവും ടൈറ്റ് ആക്കിക്കളയും.
‘കൊളാരി മൂപ്പരുടെ ഐഡിയ കൊള്ളാലോ’ – കുഞ്ഞിക്കണ്ണന്‍ കൗതുകത്തോടെ പറഞ്ഞു.
‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിൽ ഇതുവരെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
‘എടാ, കുഞ്ഞിക്കണ്ണാ, ഓന്റെ നാക്ക് കരിനാക്കായിരുന്നു. ഓന്‍ പറഞ്ഞത് പോലെ തന്നെ ഉണ്ടായി.’
‘സാറേ, ഇതിനകത്ത് കുറച്ച് തുണികളല്ലാതെ വേറൊന്നുമില്ല. ഞാന്‍ സാറിന്റെ കാല് പിടിക്കാം. ഇത് അഴിച്ച് രണ്ടാമതും കെട്ടല്‍ എന്നെക്കൊണ്ട് പറ്റില്ല സര്‍.’ എനിക്കറിയാവുന്ന ഇംഗ്ലീഷില്‍ ഞാന്‍ പറഞ്ഞുനോക്കി.
പെട്ടിയിലെ സാധനങ്ങള്‍ മുഴുവന്‍ അവര്‍ വലിച്ച് വാരി പുറത്തേക്കിട്ട്. ഒന്നും കിട്ടാതെ വന്ന ദേഷ്യം മാറ്റാന്‍ ഒരു പഹയന്‍ എന്താ ചെയ്‌തേന്നറിയ്യോ? ഞാന്‍ എന്റോക്ക് വാങ്ങിയ ബ്രൂട്ടിന്റെ സ്പ്രേ ആ കുരിപ്പ് പേന്റിന്റെ കീശയിലാക്കി.
‘സബ് ലേക്കര്‍ ബാഹര്‍ ചലോ’ – അയാള്‍ ആക്രോശിച്ചു. ഇബ്രായിക്കയുടെ ഐഡിയ പോലെ തന്നെ ചുമലില്‍ നിസ്‌കാരക്കുപ്പായത്തിന്റെ ഒരു ഭാണ്ഡവുമായി ഞാന്‍ പുറത്ത് കടന്നു.
പിന്നീട് നാട്ടിലേക്കുള്ള എല്ലാ യാത്രകളിലും സ്ഥിരമായി നിസ്‌കാരക്കുപ്പായം വന്നു തുടങ്ങി. ചിലപ്പോള്‍ അത് പുതപ്പാവും, ചിലപ്പോള്‍ അത് വലിയ ഡബിള്‍ മുണ്ടാവും.
ഇപ്പോഴും നിസ്‌കാരക്കുപ്പായം കാണുമ്പോള്‍ പഴയ ഗള്‍ഫ് യാത്രയാണ് ഓര്‍മ വരിക.
മൊയ്തീൻ കൊയക്കോട്ട്
തച്ചന്‍കുന്ന് കീഴൂര്‍ സ്വദേശി. ബഹ്‌റൈനിലെ മുഹറാക്കില്‍ മെക്കാനിക്കല്‍ ഹെല്‍പ്പറായി ജോലി ചെയ്തു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം കൃഷിക്കാരനായി ജീവിക്കുന്നു. ആമിനയാണ് ഭാര്യ. സവാദും നാജിയയുമാണ് മക്കള്‍. അബ്ദുറഹ്മാന്‍, സുബൈര്‍ എന്നിവര്‍ സഹോദരങ്ങളാണ്.