വിവിധ തലങ്ങളിൽ മികവ് തെളിയിച്ച് പ്രതിഭകൾ; കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ പ്രതിഭകൾക്ക് സ്നേഹാദരം


കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വിവിധ തലങ്ങളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ ക്ക് എം.എൽ.എയുടെ ആദരം. അനുമോദന ചടങ്ങ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിച്ചു.

എസ് എസ് എൽ സി , +2 പരീക്ഷകളിൽ മുഴുവൻ എപ്ലസ് നേടിയ വിദ്യാർത്ഥികൾ, മികച്ച തഹസിൽദാർക്കുളള അവാർഡ് കരസ്ഥമാക്കിയ കൊയിലാണ്ടി തഹസിൽദാർ സി.പി മണി, കേരള സംഗീത – നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ ഗുരുപൂജ പുരസ്കാരം നേടിയ ശിവദാസ് ചേമഞ്ചേരി, പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ പത്മനാഭന്‍ മുചുകുന്ന്, കലികറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എ സംഗീതത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സ്നേഹാ ബാലന്‍ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

സ്വരാജ് ട്രോഫിയില്‍ ജില്ലയില്‍ രണ്ടാം സ്ഥാനം നേടിയ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്, 2022-23 വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി നിര്‍വ്വഹണത്തില്‍ മികച്ച നേട്ടം കൈവരിച്ച മൂടാടി പഞ്ചായത്ത്, എസ്.സി ഫണ്ട് വിനിയോഗത്തില്‍ മികച്ച നേട്ടം കൈവരിച്ച തിക്കോടി പഞ്ചായത്ത് എന്നീ ​ഗ്രാമപഞ്ചായത്തുകളെ ചടങ്ങിൽ അനുമോദിച്ചു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാരായ സതി കിഴക്കയില്‍, ഷീബ മലയില്‍, സി.കെ ശ്രീകുമാര്‍, ജമീല സമദ്, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് കൊയിലാണ്ടി ജെ.പി’സ് ക്ലാസ്സസിന്റെ നേതൃത്വത്തില്‍ കരിയർ ഗൈഡൻസ് ക്ലാസ് നടന്നു. വിവിധ കാരണങ്ങളാല്‍ പരിപാടിക്ക് എത്തിച്ചേരാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ അഞ്ചിന് മുന്‍പായി എം.എല്‍.എ ഓഫീസിലെത്തി പുരസ്കാരം കൈപ്പറ്റാവുന്നതാണ്.