പേര് മാറ്റി വയനാട്ടിലെത്തി, പൊലീസിന്റെ പിടിയിലായി; കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍


കോഴിക്കോട്: സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വര്‍ഷത്തോളമായി ഒളിവില്‍ കഴിയുകയായിരുന്ന പി.പി.ഷബീറിനെയാണ് വയനാട്ടില്‍ വച്ച് അറസ്റ്റ് ചെയ്തത്.

കേസില്‍ നാല് പ്രതികളാണ് ഉള്ളത്. ഇവരില്‍ രണ്ട് പേരാണ് മുഖ്യ സൂത്രധാരന്മാര്‍ എന്നാണ് പൊലീസ് കരുതുന്നത്. ഇവരിലൊരാളാണ് ഷബീര്‍. പ്രതികള്‍ക്കായി പൊലീസ് നേരത്തേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പേര് മാറ്റിയാണ് ഷബീര്‍ വയനാട്ടിലെത്തിയത്. പൊഴുതനയിലെ റിസോര്‍ട്ടില്‍ ഷമീര്‍ എന്ന പേരിലാണ് ഇയാള്‍ എത്തിയത്. വെള്ളിയാഴ്ച രാത്രി വയനാട്ടിലെ പൊഴുതന-കുറിച്യാര്‍മല റോഡ് ജങ്ഷനില്‍ വച്ച് എസ്.ഐ പവിത്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഹരിയാന രജിസ്‌ട്രേഷനിലുള്ള വാഹനം തടഞ്ഞ് നിര്‍ത്തി ഷബീറിനെ പിടികൂടിയത്.

വയനാട്ടില്‍ ബിനാമി പേരില്‍ നിര്‍മ്മിക്കുന്ന റിസോര്‍ട്ട് സന്ദര്‍ശിക്കാന്‍ ഷബീര്‍ വേഷം മാറി എത്താറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് സംഘം ദിവസങ്ങളായി വേഷം മാരി റിസോര്‍ട്ടിന് സമീപം താമസിക്കുകയായിരുന്നു.

നേരത്തെ കേസിലെ പ്രതികളുടെ അക്കൗണ്ടില്‍ 46 കോടി രൂപ വന്നതായി കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളില്‍നിന്നും വിദേശത്തുനിന്നും കേസിലെ പ്രതികളായ ചാലപ്പുറം പുത്തന്‍പീടിയേക്കല്‍ പി.പി.ഷബീര്‍, മലപ്പുറം കുട്ടശ്ശേരി സ്വദേശി നിയാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പണം വന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഷബീറിന്റെ സഹോദരന്‍ മൊയ്തീന്‍കോയയും അദ്ദേഹത്തിന്റെ മകനുമെല്ലാം കേസില്‍ പ്രതികളാണ്.