ആനച്ചമയ പ്രദർശനവും ആനയൂട്ടും, വെെവിധ്യമാർന്ന കലാപരിപാടികളും; പൊയിൽക്കാവ് ശ്രി ദുർഗാദേവി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം കെങ്കേമമാക്കാനൊരുങ്ങി നാട്


കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ. ദുർഗാദേവി ക്ഷേത്ര താലപ്പൊലി മഹോത്സവം മാർച്ച് 14 മുതൽ 19 വരെ. 20 -ാം തിയ്യതി വെെകീട്ട് നടക്കുന്ന ഗുരുതിയോടെ അനുഷ്ഠാനങ്ങൾ പൂർണ്ണമാകും. ആചാരനുഷ്ഠാനങ്ങൾക്ക് പുറമേ വിശേഷാൽ കലാ- സാംസ്കാരിക പരിപാടികൾ കൂടി ഇത്തവണത്തെ താലപ്പൊലി മഹോത്സവത്തിന്റെ ഭാ​ഗമായി ഉണ്ടാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മാർച്ച് 14ന് കൊടിയേറുന്ന താലപ്പൊലി മഹോത്സവത്തിന്റെ ആദ്യദിനത്തിലെ വിശേഷാൽ പരിപാടി കഥകളിയാണ്. ചേലിയ കഥകളി വിദ്യാലയം അവതരിപ്പിക്കുന്ന സീതാസ്വയംവരം കഥയിൽ പരശുരാമനായി കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ വേഷമിടും. മാർച്ച് 15ന് സാംസ്കാരിക സമ്മേളനം പ്രസിദ്ധ സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് 60 ഓളം പ്രാദേശിക കലാകാരികൾ ഗർബ നൃത്തം അവതരിപ്പിക്കും. തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം എന്ന സാമൂഹ്യ നാടകം അന്ന് തന്നെ രാത്രി അവതരിപ്പിക്കും.

മാർച്ച് 16ന് സിംഫണി ഓർക്കസ്ട്ര കൊച്ചിൻ ഒരുക്കുന്ന നൃത്ത സംഗീത നിശ. മാർച്ച് 17ന് ചെറിയ വിളക്ക് ദിവസം പ്രശസ്ത ചിത്രകാരൻമാർ മഹോത്സവം എന്ന ശീർഷകത്തിൽ നടത്തുന്ന വർണ്ണാച്ചന ചിത്രരചന ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്യും. രാത്രി വടക്കൻസ് കണ്ണൂർ അവതരിപ്പിക്കുന്ന മാമാങ്കം നാടൻപാട്ടുപുര.

മാർച്ച് 18 ന് വലിയ വിളക്ക് ദിവസം രാവിലെ 10 മണി മുതൽ “കാവ്സംരക്ഷണവും പരിസ്ഥിതിയും ” വിഷയത്തിലുള്ള സെമിനാർ മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എംഎൽഎ കാനത്തിൽ ജമീല അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും ഗവേഷകരും പരിപാടിയിൽ പങ്കെടുക്കും.

മാർച്ച് 19നാണ് താലപ്പൊലി. രാവിലെ സമുദ്രതീരത്ത് കുളിച്ചാറാട്ട് പൂരം, വനമധ്യത്തിൽ പാണ്ടിമേളം, വൈകിട്ടുള്ള ആഘോഷ വരവുകൾ, ആലിൻ കീഴ് മേളം, ഡയനാമിറ്റ് ഡിസ്പ്ലേ ,വെടിക്കെട്ടുകൾ പുലർച്ചെ നടക്കുന്ന രുധിര കോലം എന്നിവയാണ് പ്രധാന ചടങ്ങുകൾ. ഗജവീരൻ ചിറക്കൽ കാളിദാസന് സ്വീകരണം, ആനച്ചമയ പ്രദർശനം, ആനയൂട്ട് , കടമാറ്റം എന്നിവയും ഉത്സവത്തോടനുബന്ധിച്ച് നടക്കും.

വിവിധ ദിവസങ്ങളിലായി കലാമണ്ഡലം ഹരി ഘോഷ്, കാഞ്ഞിലശ്ശേരി വിനോദ് മാരാർ, അനുഗ്രഹ് സുധാകർ, വൈശാഖ് സുധാകർ, പോരൂർ ഉണ്ണികൃഷ്ണൻ, കൽപ്പാത്തി ബാലകൃഷ്ണൻ തുടങ്ങിയവർ തായമ്പക അവതരിപ്പിക്കുന്നു. ഈ വർഷത്തെ മേളത്തിന് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, തൃക്കുറ്റിശ്ശേരി ശിവശങ്കരന്മാർ, കലാമണലം ശിവദാസ് തുടങ്ങിയവർ നേതൃത്വം നൽകും.

പത്രസമ്മേളനത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ഗോവിന്ദൻ നായർ, ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഡ്വ. രഞ്ജിത്ത് ശ്രീധർ , സി വി ബാലകൃഷ്ണൻ, ഡോ.ഒ. വാസവൻ, ദേവാനന്ദ്, ശശി കോതേരി, മനോജ് യു.വി, ടി.ഒ. ശശിധരൻ, ശിവദാസൻ വി പി, അഖിൽ സി വി, എക്സിക്യൂട്ടീവ് ഓഫീസർ ടി.ടി. വിനോദൻ തുടങ്ങിയവർ പങ്കെടുത്തു.