പൊയിൽകാവിൽ ട്രാൻസ്‌ഫോർമർ പരിധിയിലെ വൈദ്യുതി വിതരണ പുനക്രമീകരണം പൂർത്തികരണ ഘട്ടത്തിലേക്ക്; മഴയിലും പണിയെടുത്ത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


കൊയിലാണ്ടി: പൂക്കാട് പൊയിൽകാവിൽ ട്രാൻസ്‌ഫോർമർ സ്റ്റേഷൻ തകർന്നു വീണ് മുടങ്ങിയ വൈദ്യുതി വിതരണം, പുനഃക്രമീകരണ പൂർത്തീകരണ ഘട്ടത്തിലേക്ക്. കനത്ത മഴയേയും കാറ്റിനെയും തുടർന്ന് ഇന്ന് പുലർച്ചെയാണ് മരം വീണ് പൊയിൽകാവിൽ ട്രാൻസ്‌ഫോർമർ സ്റ്റേഷൻ തകർന്നു വീണത്. ഇതേ തുടർന്ന് കൊയിലാണ്ടി സൗത്ത് ഭാഗത്തെ വൈദ്യുതി വിതരണം തടസ്സപ്പെടുകയായിരുന്നു.

‘എൺപത് ശതമാനം സ്ഥലത്തെയും വൈദ്യുതി പുനസ്ഥാപിച്ചതായി എ.ഇ നിഖിൽ വേണുഗോപാൽ പറഞ്ഞു. പോയിൽകാവ്, കൂഞ്ഞിലാരി തുടങ്ങിയ ഭാഗത്ത് ഉടനെ തന്നെ വൈദ്യുതി പുനഃസ്ഥാപിക്കപ്പെടുമെന്നും, ഒറ്റപ്പെട്ട കേസുകൾ ഒഴികെ ബാക്കിയെല്ലാം ഏറെക്കുറെ പൂർത്തിയായ അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് പുലർച്ചെ പെയ്ത മഴയിലാണ് മരം വീണത്. വിവരമറിഞ്ഞെത്തിയ സമയം മുതൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വൈദ്യുതി പുനഃക്രമീകരണത്തിനായി പ്രവർത്തിക്കുകയായിരുന്നു. പത്തോളം പോസ്റ്റുകളാണ് പൊട്ടിയത്. മഴയെ പോലും അവഗണിച്ച് തകർന്ന പോസ്റ്റുകൾക്കു പകരം പുതിയ പോസ്റ്റുകൾ ഉടനെ തന്നെ പുനസ്ഥാപിച്ച് വൈദ്യുതി ചാനലുകൾ ട്രാൻസ്ഫോർമറുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ആ സമയം മുതൽ ഏർപ്പെട്ടിരിക്കുകയാണിവർ. ഇന്ന് തന്നെ പരമാവധി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ജോലിക്കാരുടെ ശ്രമം മൂലമാണ് ഇത്രയും പെട്ടന്ന് വൈദ്യുതി ക്രമീകരണങ്ങൾ നടത്താൻ സാധിച്ചതെന്ന് ഉയർന്ന ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.