പാലക്കാട് പോലീസുകാരുടെ മരണത്തിനിടയാക്കിയത് കാട്ടുപന്നിക്കായുള്ള വൈദ്യുതി കെണി; രണ്ടുപേര്‍ കസ്റ്റഡിയില്‍


പാലക്കാട്: മുട്ടിക്കുളങ്ങരയില്‍ എ ആര്‍ ക്യാമ്പിലെ പൊലീസുകാരെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. കാട്ടുപന്നിയെ പിടിക്കാന്‍ വൈദ്യുതി കെണിയൊരുക്കിയ രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വാര്‍ക്കാട് സ്വദേശികളായ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഇവര്‍ കുറ്റസമ്മതം നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം.

മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ ഹവില്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടേയും ദേഹത്ത് പൊള്ളലേറ്റതു പോലെയുള്ള പാടുകളുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞിരുന്നു.

അതേസമയം, പന്നിക്കായി വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റാണ് ഇരുവരുടെയും മരണം സംഭവിച്ചതെന്നാണ് കസ്റ്റഡിയിലുള്ളവരുടെ വെളിപ്പെടുത്തല്‍. പന്നിക്ക് വേണ്ടി വയലില്‍ വൈദ്യുതിക്കെണി വയ്ക്കാറുണ്ടെന്ന് കസ്റ്റഡിയിലുള്ളവര്‍ സമ്മതിച്ചു. കഴിഞ്ഞ ദിവസവും വൈദ്യുതിക്കെണി വച്ചിരുന്നു. രാവിലെ വന്നു നോക്കിയപ്പോള്‍ രണ്ടുപേരെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉടന്‍ വൈദ്യുതിക്കെണി സ്ഥലത്തുനിന്നും മാറ്റിയെന്നുമാണ് കസ്റ്റഡിയിലുള്ളവര്‍ പൊലീസിന് മൊഴി നല്‍കിയത്.

മരിച്ച രണ്ടുപേരും അപകടം സംഭവിച്ചെന്നു കരുതുന്ന സമയത്ത് ഡ്യൂട്ടിയിലായിരുന്നില്ല. മീന്‍ പിടിക്കാനോ മറ്റോ പാടത്തേക്ക് ഇറങ്ങിയപ്പോള്‍ കാട്ടുപന്നിക്കെണിയില്‍ വീണ് അപകടം സംഭവിച്ചതാകാമെന്ന് അനുമാനമുണ്ട്. ഇന്നലെ രാത്രി 9:30 മുതലാണ് അശോകനേയും മോഹന്‍ദാസിനേയും കാണാതായത്.