അവശ്യ സർവ്വീസുകൾ മാത്രം, നിരത്തിൽ ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ; ഹർത്താൽ ദിനത്തിൽ ആളൊഴിഞ്ഞ് തിരക്കൊഴിഞ്ഞ് കൊയിലാണ്ടി


Advertisement

കൊയിലാണ്ടി: പതിവ് തിരക്കും, ഗതാഗത കുരുക്കുമോന്നുമില്ലാതെ ഹർത്താൽ ദിനത്തിൽ തിരക്കൊഴിഞ്ഞ് കൊയിലാണ്ടി. അവശ്യ സർവീസുകൾ മാത്രമാണ് ഇന്ന് തുറന്നിട്ടുള്ളു. വളരെ കുറച്ചു സ്വകാര്യ വാഹനങ്ങൾ മാത്രമേ നിരത്തിൽ കാണാൻ സാധിക്കുന്നുള്ളൂ. അക്രമം ഉണ്ടായാൽ നേരിടാനൊരുങ്ങി നഗരത്തിൽ വിവിധയിടങ്ങളിലായി പോലീസ് വിന്യസിച്ചിട്ടുണ്ട്.

Advertisement

പ്രദേശത്ത് ഇതുവരെ അക്രമ സംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നും സമാധാനപരമായി മുന്നോട്ടു നീങ്ങുകയാണെന്നും പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പതിനാറു സ്ഥലത്ത് പിക്കറ്റ്പോസ്റ്റ്, നാല്‌ പട്രോളിംഗ്, ഇരുപത് യൂണിറ്റിന്റെ രണ്ട് സ്‌ട്രൈക്കർ എന്നിവയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഒരുങ്ങിയിരിക്കുന്നത്.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇന്ന് സ്പെഷ്യലൈസ്ഡ് ഓ.പി കൾ ഒന്നുമില്ലാതെ ജനറൽ ഓ.പി മാത്രമേ ഉള്ളുവെന്നതിനാൽ വളരെ കുറച്ചു ആളുകൾ മാത്രമേ ആശുപത്രിയിൽ എത്തിയുള്ളു. ഓട്ടോ, ടാക്സി പോലെയുള്ള സേവനങ്ങളും ഇന്ന് ഇതുവരെ നിരത്തിലിറങ്ങിയിട്ടില്ല.

Advertisement

പെട്ടന്ന് പ്രഖ്യാപിച്ച ഹർത്താലായതിനാൽ കടകൾ തുറക്കാനോ വേണ്ടയോ എന്ന ആശങ്കയിലായിരുന്നു വ്യാപാരികൾ. പൊതുവിൽ എല്ലാ ഹർത്താലുകൾക്കുമെതിരാണ് എന്നും ഹർത്താലിൽ കടകൾ തുറക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ലായെന്നും ആയിരുന്നു കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചത്. ഓരോ പ്രദേശങ്ങളിലെയും കടകൾ തുറന്ന് പ്രവർത്തിക്കാൻ പറ്റിയ സാഹചര്യം ഉണ്ടെങ്കിൽ അത് അനുസരിച്ച് യൂണിറ്റുകൾക്ക് സ്വയം തീരുമാനിക്കാം എന്നായിരുന്നു കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപന സമതിയുടെ തീരുമാനം. അതിനാൽ തന്നെ അക്രമങ്ങൾ ഭയന്ന് കച്ചവടക്കാർ കടകൾ തുറക്കാതെ പലരും വൈകുന്നേരം ആറര കഴിഞ്ഞു തുറക്കാനുള്ള തീരുമാനത്തിലാണ്.

Advertisement

കൊയിലാണ്ടിയില്‍ പുലര്‍ച്ചെ ലോറിയ്ക്ക് നേരെ കല്ലേറുണ്ടായി, എന്നാൽ അത് ഹർത്താലിന് അൽപ്പ സമയം മുൻപായിരുന്നുവെന്നും ഇതിനോട് ബന്ധമുണ്ടോയെന്ന് ഉറപ്പില്ലെന്നും പോലീസ് അറിയിച്ചു. കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപം ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന് നേരെ കല്ലെറിഞ്ഞു. ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു.

താമരശ്ശേരിയിലും വ്യാപക അക്രമമാണ് അരങ്ങേറിയത്. തച്ചംപൊയിലില്‍ വാഹനങ്ങള്‍ക്ക് നേരെ വ്യാപക അക്രമത്തില്‍ പതിനഞ്ചിലധികം വാഹനങ്ങളുടെ ചില്ല് ഉടച്ചു. വട്ടക്കുണ്ട് പാലത്തിന് സമീപം ടയറുകള്‍ കൂട്ടിയിട്ട് റോഡില്‍ തീയിട്ടു.

ഹര്‍ത്താല്‍ വിവരം അറിയാതെ വന്ന തമഴ്നാട് തിരുപ്പൂര്‍ സ്വദേശിയുടെ പിക്കപ്പ് വാനിന്റെതടക്കം ഇതര സംസ്ഥാന വാഹനങ്ങളുടെ ചില്ലുകളും തല്ലിയുടച്ചു. ലോറികളും, ഓട്ടോറിക്ഷയുമടക്കം നിവധി വാഹനങ്ങള്‍ തകര്‍ത്തു.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അക്രമ സംഭവങ്ങൾ തുടരുകയാണ്.