പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകളില്‍ മാറ്റമില്ല


തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നാളെ (വെള്ളിയാഴ്ച) ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള പി.എസ്.സി അറിയിച്ചു.

രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ കേന്ദ്രീകരിച്ച് എന്‍.ഐ.എ റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

ദേശീയ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമടക്കം 15 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് സംസ്ഥാനത്ത് നിന്ന് എന്‍.ഐ.എ ഇന്ന് കസ്റ്റഡിയിലെടുത്തത്. ഒ.എം.എ.സലാമിനെയും സി.പി.മുഹമ്മദ് ബഷീറിനെയും നസറുദ്ദീന്‍ എളമരത്തെയും മലപ്പുറത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന കമ്മിറ്റി ഓഫിസിലെ മുന്‍ അക്കൗണ്ടന്റും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗവും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയും തൃശൂരില്‍ കസ്റ്റഡിയിലായി. എസ്.ഡി.പി.ഐ ജില്ലാ നേതാക്കളടക്കം മൂന്നുപേരെ കോട്ടയം ജില്ലയില്‍ നിന്നും എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു.

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ആണ് ഇന്ന് പുലര്‍ച്ചെ നാലരയോടെ ഓഫീസുകളില്‍ റെയ്ഡിനായി എത്തിയത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉള്‍പ്പെടെ കേരളത്തിലെ 14 ഓഫീസുകളിലാണ് റെയ്ഡ് നടന്നത്.

കേരളത്തിന് പുറമെ രാജ്യമെമ്പാടുമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും റെയ്ഡ് നടന്നു. തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറിടങ്ങളില്‍ ഇ.ഡിയുടെ സഹകരണത്തോടെയാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കം നൂറിലേറെ പേരെ കസ്റ്റഡിയില്‍ എടുത്തു. തീവ്രവാദത്തിന് പണം നല്‍കല്‍, പരിശീലനക്യാമ്പുകള്‍ നടത്തല്‍. തീവ്രവാദത്തിലേക്ക് ആളുകളെ ആകര്‍ഷിക്കല്‍ എന്നിവയില്‍ ഉള്‍പ്പെട്ടവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയതെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡല്‍ഹിയിലും തിരുവനന്തപുരത്തും റജിസ്റ്റര്‍ ചെയ്ത കേസുകളെ തുടര്‍ന്നാണ് പരിശോധന.പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകള്‍ക്കൊപ്പം ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലുമായി നൂറിലധികം സ്ഥലങ്ങളില്‍ റെയ്ഡ് തുടരുകയാണ്. കേന്ദ്ര സേനയുടെ സുരക്ഷയോടെയാണ് റെയ്ഡ്. നേതാക്കളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു.

summary: popular frond hartal tomorrow, no change in psc exam