ലോട്ടറി വില്‍പ്പനക്കാരനായ പൂഴിത്തോട് സ്വദേശി പേരാമ്പ്രയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍


പേരാമ്പ്ര: പൂഴിത്തോട് സ്വദേശിയായ ലോട്ടറി വില്‍പ്പനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂഴിത്തോട് ടൗണിന് സമീപത്തെ തട്ടാന്‍കണ്ടി ചന്ദ്രനാണ് മരിച്ചത്. അന്‍പത്തെട്ട് വയസ്സായിരുന്നു. സ്വകാര്യബസ് ഡ്രൈവറായിരുന്ന ചന്ദ്രന്‍ അടുത്തകാലത്തായി ലോട്ടറിവില്‍പ്പന നടത്തി വരികയായിരുന്നു.

ഫെബ്രുവരി 15 മുതല്‍ ഇയാള്‍ പേരാമ്പ്രയിലെ ലോഡ്ജില്‍ താമസമാണ്. വ്യാഴാഴ്ച പുറത്ത് കാണാത്തതിനാല്‍ വൈകുന്നേരം ലോഡ്ജ് ജീവനക്കാര്‍വന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചതായി കാണുന്നത്. തുടർന്ന് പേരാമ്പ്ര പോലീസ് മുറി തുറന്ന് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.

സഹകരണ ബാങ്കില്‍നിന്ന് രണ്ടുലക്ഷത്തോളം രൂപ ചന്ദ്രന്‍ വായ്പയെടുത്തിരുന്നു. കുടിശ്ശികയായതോടെ തുക അഞ്ചു ലക്ഷത്തില്‍പ്പരം രൂപയായിരുന്നുവെന്നും കഴിഞ്ഞ മാസം പകുതിയോടെ ജപ്തി നോട്ടീസ് ലഭിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

കുറച്ചുകാലമായി ഇളയ മകന്റെയൊപ്പം പേരാമ്പ്രയ്ക്കടുത്താണ് ചന്ദ്രന്‍ താമസിക്കുന്നത്. പരേതരായ പൊക്കന്റെയും ചീരുവിന്റെയും മകനാണ്. ഭാര്യ: ചന്ദ്രിക. മക്കള്‍: ലിബിന്‍, ലിഞ്ജു. മരുമക്കള്‍: ഷൈജ, രൂപ.

സഹോദരങ്ങള്‍: നാണു, സുശീല, ചന്ദ്രി, രാജു, അജിത, മിനി.

സംസ്‌കാരം വെള്ളിയാഴ്ച വീട്ടുവളപ്പില്‍.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക: 1056, 0471-2552056..)

summary: a native of poozhithod hanged himself in a lodge in perambra