ഓണത്തിന് സ്വന്തം മണ്ണിൽ വിരിഞ്ഞ പൂക്കൾ കൊണ്ട് കളമൊരുക്കാൻ മൂടാടിക്കാർ; പൂവിളി പദ്ധതിയുമായ് മൂടാടി ഗ്രാമപഞ്ചായത്ത്


കൊയിലാണ്ടി: ഓണത്തിനു പൂവിന്റെ ലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യവുമായ് പൂവിളി പദ്ധതിയുമായ് മൂടാടി ഗ്രാമപഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധയിലുൾപ്പെടുത്തി പഞ്ചായത്ത് നടപ്പാക്കുന്ന ‘പൂവിളി’പുഷ്പ കൃഷി പദ്ധതിക്കാണ് തുടക്കമായത്.

പത്താം വാർഡിൽ മുചുകുന്ന് കോട്ട കോവിലകം ക്ഷേത്ര ദേവസ്വത്തിൻ്റെ കൈവശമുള്ള പുനത്തിൽ പറമ്പിലാണ് പുഷ്പ കൃഷി ആരംഭിച്ചത്.വർണ്ണം വനിതാ ഗ്രൂപ്പിൻ്റ നേത്യത്വത്തിലാണ് കൃഷി. വർഷങ്ങളായി തരിശായി കിടക്കുന്ന ഭൂമി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി യോഗ്യമാക്കിയത്.

പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 5 സംഘങ്ങൾ ആണ് പൂകൃഷി തുടങ്ങിയത്. വിത്ത്, വളം എന്നിവ കൃഷിഭവൻ മുഖാന്തിരം നൽകും. ഓണത്തിന് വിളവെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ശ്രീകുമാർ തൈ നടൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ എം.പി. അഖില അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഭാസ്കരൻ സെക്രട്ടറി എം.ഗിരിഷ് അസിസ്റ്റൻറ് സെക്രട്ടറി ടി.ഗിരിഷ് കുമാർ എം.പി.സുനിത എന്നിവർ സംസാരിച്ചു.