പൂക്കാട് മോഷണം; മുഖ്യസൂത്രധാരന്‍ തമിഴ്‌നാട് സ്വദേശി വിജയന്‍, പ്രതികളിലൊരാള്‍ ജനിച്ചുവളര്‍ന്നത് വടകര വള്ളിക്കാട്, മറ്റൊരാള്‍ വടകരയില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍


പൂക്കാട്: പൂക്കാട് വീടുകളിലെ മോഷണം നടത്തിയ പ്രതികള്‍ വടകരയും പരിസര പ്രദേശങ്ങളും ഏറെ പരിചയമുള്ളവരാണെന്ന് പൊലീസ്. പ്രതികളിലൊരാളായ മുത്തു ജനിച്ചതും വളര്‍ന്നതും വടകര വള്ളിക്കാടാണ്. ധര്‍മ്മടം പൊലീസിന്റെ പിടിയിലായിരുന്ന മണി ഏറെക്കാലം വടകരയില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തിരുന്നു. അതിനാലാവാം ഇവര്‍ വടകര, കൊയിലാണ്ടി, തലശ്ശേരി ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയതെന്ന് അന്വേഷണ സംഘം പറയുന്നു.

വള്ളിക്കാട് കുടുംബസമേതം താമസിച്ചിരുന്ന മുത്തു പതിനഞ്ച് വയസിനുശേഷമാണ് തമിഴ്‌നാട്ടിലെ തഞ്ചാവൂരിലേക്ക് പോകുന്നത്. അവിടെ പല മോഷണക്കേസുകളിലും പ്രതിയാണ്. തഞ്ചാവൂരിലെ വല്ലം സ്വദേശിയായ വിജയനെ അവിടെവെച്ചാണ് പരിചയപ്പെടുന്നത്. വിജയമാണ് മോഷണ സംഘത്തിന്റെ തലവന്‍. തഞ്ചാവൂരില്‍ ഇരുപതിലേറെ മോഷണക്കേസുകളില്‍ പ്രതിയാണിയാളെന്നും പൊലീസ് പറയുന്നു.

വീടുകളുടെ പിന്‍വാതില്‍ പൊളിച്ച് അകത്തുകയറി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ആളുകളുള്ള വീട്ടിലും ആളില്ലാത്ത വീട്ടിലും മോഷണം നടത്തും. മോഷണവിവരം അറിഞ്ഞ് വീട്ടുകാര്‍ ബഹളമുണ്ടാക്കിയാല്‍ അവരെ ആക്രമിക്കാന്‍ പോലും മടിയില്ലാത്തവരാണെന്നും പൊലീസ് പറയുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് പൂക്കാട് രണ്ടുവീടുകളില്‍ മോഷണം നടന്നത്. വീര്‍വീട്ടില്‍ ശ്രീധരന്റെ വീട്ടില്‍ വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകടന്ന പ്രതികള്‍ പന്ത്രണ്ട് പവന്റെ ആഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. സമീപത്തുള്ള കിഴക്കോത്ത് നിതിന്റെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ചെങ്കിലും വെങ്ങളത്തുവെച്ച് ഇത് തിരിച്ചുകിട്ടി. മറ്റൊരു വീട്ടില്‍ മോഷണശ്രമം നടന്നെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.

കൊയിലാണ്ടി സ്റ്റേഷന്‍ ഓഫീസര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജിതേഷ്, രാജീവന്‍, അബ്ദുള്ള എന്നിവരും കെ.പി.ഗിരീഷ്, ബിജു വാണിയംകുളം എന്നിവരുമുള്‍പ്പെട്ട സംഘമാണ് കേസന്വേഷിച്ചത്.