ബാഗ്, കുട, വെള്ളക്കുപ്പി… സ്‌കൂള്‍ സാധനങ്ങളെല്ലാം ഒരു കുടക്കീഴില്‍, വലിയ വിലക്കുറവും; ഗുണമേന്മയുള്ള ഉല്പന്നങ്ങളുമായി കോഴിക്കോട് മുതലക്കുളത്ത് ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ്


കോഴിക്കോട്: പൊതുവിപണിയെക്കാള്‍ മികച്ച വിലക്കുറവും ഉന്നത ഗുണമേന്മയുമുള്ള സ്‌കൂള്‍ സാധനങ്ങളുടെ വണ്‍ സ്റ്റോപ്പ് സെന്ററായി മാറിയിരിക്കയാണ് കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന കോഴിക്കോട് മുതലക്കുളത്തെ ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ്.

ബാഗ്, കുട, വെള്ളകുപ്പി, സ്‌കൂള്‍/കോളേജ് നോട്ട്ബുക്, ബോക്‌സ്, പേന, പെന്‍സില്‍, ഇറേസര്‍, ഷാര്‍പനര്‍, ലഞ്ച് ബോക്‌സ്, ബ്രൗണ്‍ പേപ്പര്‍… എന്ന് തുടങ്ങി എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. ദിവസം ശരാശരി അഞ്ച് ലക്ഷം രൂപയുടെ കച്ചവടം നടക്കുന്ന ഇവിടെ നിന്നും 3000 രൂപയില്‍ കൂടുതല്‍ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാല്‍ 1000 രൂപ വരെ ഡിക്‌സൗണ്ട് വേറെയുണ്ട്.

കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് ആയ ഈ വില്‍പ്പനശാലയില്‍ ത്രിവേണി നോട്ടുബുക്കിനാണ് അന്നും ഇന്നും ഡിമാന്‍ഡ്. കണ്‍സ്യൂമര്‍ഫെഡിന്റെ ഉല്‍പ്പന്നമായ ത്രിവേണി നോട്ടുബുക്ക് സാധാരണ നോട്ട്ബുക്കുകളെ അപേക്ഷിച്ച് വലുപ്പം കൂടുതലും വില കുറവുമാണ്. പേജിന്റെ ഉന്നത ഗുണനിലവാരമാണ് പ്രത്യേകത. തമിഴ്‌നാട് സര്‍ക്കാരിന്റെ കീഴിലുള്ള ടി എന്‍ പി എല്ലിന്റെ (തമിഴ്‌നാട് ന്യൂസ് പേപ്പര്‍ ലിമിറ്റഡ്) പേപ്പര്‍ ടെന്‍ഡര്‍ വിളിച്ചാണ് നോട്ടുബുക്ക് നിര്‍മാണം. കുന്നംകുളത്തെ ത്രിവേണിയുടെ തന്നെ യൂണിറ്റ് ആണ് നിര്‍മിക്കുന്നത്.

ബാഗ് ഹൗസ് എന്ന നിലയിലും വില്‍പ്പനശാല ഹിറ്റാണ്. ബ്രാന്‍ഡഡ് ബാഗുകള്‍ മുതല്‍ സഹകരണ സംഘങ്ങള്‍ നിര്‍മിക്കുന്ന ബാഗുകള്‍ വരെ ലഭ്യമാണ്. ബ്രാന്‍ഡഡ് കുടകള്‍ക്ക് മറ്റാരും നല്‍കാത്ത വിലക്കുറവുണ്ട്. ഒരു കുടയ്ക്ക് പൊതുവിപണിയെ അപേക്ഷിച്ചു എം ആര്‍ പിയില്‍ 100 മുതല്‍ 150 രൂപ വരെയാണ് കുറവ്. 200 കുടകളാണ് ദിവസം വിറ്റുപോകുന്നത്.

മറ്റ് പഠനോപരണങ്ങള്‍ക്ക് പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. കുട്ടികളെ ആകര്‍ഷിക്കാന്‍ കളിപ്പാട്ടവും വീട്ടകങ്ങളിലേക്ക് അത്യാവശ്യം ഗൃഹോപകരണങ്ങളുംസജ്ജമാക്കിയിട്ടുണ്ട്. ഈ രണ്ട് ഐറ്റത്തിനും 45 ശതമാനം വരെ വിലക്കുറവുണ്ട്.

ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇവിടേക്ക് വരുന്നതിന് പുറമെ മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നും ആവശ്യക്കാരുണ്ട്. വിലക്കയറ്റം തടയാന്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കണ്‍സ്യൂമര്‍ഫെഡ് മുഖേന സ്‌കൂള്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയത്.

കേരളത്തില്‍ ഇത്തരത്തില്‍ 500 സ്‌കൂള്‍ മാര്‍ക്കറ്റുകളുണ്ട്. 172 എണ്ണം ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളായും 328 എണ്ണം സംസ്ഥാന സഹകരണ സംഘങ്ങള്‍ മുഖേനയുമാണ് നടത്തുന്നത്. കോഴിക്കോട് ജില്ലയില്‍ 45 സ്ഥലങ്ങളിലുള്ള സ്‌കൂള്‍ മാര്‍ക്കറ്റുകളില്‍ 16 എണ്ണം ത്രിവേണി ആയും ബാക്കി സഹകരണ സ്ഥാപനങ്ങള്‍ വഴിയും പ്രവര്‍ത്തിക്കുന്നു.

മുതലക്കുളത്തെ സ്‌കൂള്‍ മാര്‍ക്കറ്റ് ജൂണ്‍ 15ന് അവസാനിക്കും.