നരക്കോട് എല്‍.പി സ്‌കൂളില്‍ വോട്ടെടുപ്പ് നീണ്ടത് പത്തുമണിയോളം; കാത്തിരുന്ന് മുഷിഞ്ഞ് വോട്ടര്‍മാര്‍


മേപ്പയ്യൂര്‍: വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വിവിപാറ്റ് യന്ത്രം തകരാറിലായതുകാരണം നരക്കോട് വോട്ടിങ് നടപടികള്‍ നീളുന്നു. നരക്കോട് എല്‍.പി സ്‌കൂളിലെ 113ാം നമ്പര്‍ ബൂത്തിലാണ് സംഭവം.

വോട്ടെടുപ്പ് കഴിയുന്ന ആറുമണിക്കുശേഷവും അന്‍പതോളം പേര്‍ ക്യൂവില്‍ ടോക്കണ്‍ ലഭിച്ച് കാത്തിരിപ്പുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിവിപാറ്റ് തകരാലായത്. രണ്ടുമണിക്കൂറിനുശേഷം ഒമ്പതുമണിയോടെയാണ് യന്ത്രം കൊണ്ടുവന്ന് വോട്ടിങ് പുനരാരംഭിച്ചത്. 9.45 ഓടെയാണ് വോട്ടിങ് പൂര്‍ത്തിയായത്. .

മേപ്പയ്യൂരിലെ എളമ്പിലാട് സ്‌കൂളിലെ 107ാം നമ്പര്‍ ബൂത്തിലും വോട്ടെടുപ്പ് നീണ്ടു. പത്തോളം പേര്‍ ഇവിടെ വോട്ട് ചെയ്യാനുണ്ട്. അരമണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

വടകര മണ്ഡലത്തിലെ കുറേയേറെ ബൂത്തുകളില്‍ വോട്ടിങ് നടപടികള്‍ എട്ടുമണിയോളം നീളുന്ന സ്ഥിതിയുണ്ടായി. രാവിലെ മുതല്‍ രണ്ടും മൂന്നും മണിക്കൂര്‍ കാത്തിരുന്നാണ് പല ബൂത്തുകളിലും വോട്ടര്‍മാര്‍ വോട്ടു ചെയ്തത്.