സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുത്ത് സമ്പന്നന്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ്, ജ്വല്ലറി ജീവനക്കാരനെ പറ്റിച്ച് സ്വര്‍ണ്ണ നാണയം കവര്‍ന്ന തിക്കോടി സ്വദേശിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതം
തിക്കോടി: അറബിക്ക് നല്‍കാനെന്ന പേരില്‍ വിഴിഞ്ഞത്തെ ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വര്‍ണ്ണ നാണയം കവര്‍ന്നത് തിക്കോടി സ്വദേശിയെന്ന് പൊലീസ്. തിക്കൊടി വടക്കേപുര വീട്ടില്‍ റാഹീല്‍ അഹമ്മദാണ് (29) പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.
വിഴിഞ്ഞത്തെ ആദം ഗോള്‍ഡ് ജ്വല്ലറിയില്‍ നിന്ന് 5 സ്വര്‍ണനാണയങ്ങളുമായെത്തിയ സെയില്‍സ്മാന്മാരെ കബളിപ്പിച്ചാണ് പ്രതി നാണയവുമായി കടന്നത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. കോവളത്തെ സ്റ്റാര്‍ ഹോട്ടല്‍ ലോബിയില്‍ വച്ച് 42 ഗ്രാം സ്വര്‍ണ നാണയം വാങ്ങി ഇയാള്‍ കടന്നുകളയുകയായിരുന്നു.
ഇയാള്‍ നേരത്തെയും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തുകയും പിടിക്കപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം തൃശ്ശൂരിലെ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണനാണയങ്ങള്‍ തട്ടിയെടുത്ത കേസില്‍ റാഹീല്‍ അറസ്റ്റിലായിരുന്നു. മ്യൂസിയം സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
തൃശ്ശൂരില്‍ വലിയ കമ്പനിയുടെ എം.ഡിയാണെന്ന് പരിചയപ്പെടുത്തി ഏഴ് പവന്‍ സ്വര്‍ണനാണയങ്ങളാണ് കവര്‍ന്നത്. കോഴിക്കോട് ഹോട്ടലില്‍ താമസിച്ച് 50,000 രൂപയും വാച്ചും കവര്‍ന്നു. വൈറ്റിലയില്‍ മൊബൈല്‍ ഷോപ്പില്‍ നിന്ന് 10 ലക്ഷം രൂപയുടെ ഐഫോണ്‍ തട്ടിയെടുത്തു. ജോലി വാഗ്ദാനം ചെയ്ത് ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് 85,000 രൂപ തട്ടിയെടുത്തത് തുടങ്ങിയ കേസുകളും ഇയാള്‍ക്കെതിരെയുണ്ട്.
സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുത്ത് തങ്ങി തട്ടിപ്പ് നടത്തുന്നതാണ് ഇയാളുടെ രീതി. തട്ടിയെടുത്ത പണവുമായി മുംബൈ, ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ആഢംബര ജീവിതം നയിക്കുകയാണ് റാഹീലിന്റെ പതിവ്. കഴിഞ്ഞ വര്‍ഷം തട്ടിച്ചെടുത്ത വസ്തുക്കള്‍ വിറ്റ 6 ലക്ഷം രൂപ രണ്ട് മാസം കൊണ്ട് ചെലവാക്കി. വില കൂടിയ വസ്ത്രങ്ങളാണ് ധരിക്കുന്നത്. നിരവധി തവണ വിമാന യാത്രകളും നടത്തിയിട്ടുണ്ട്.