വീര്യംകൂടിയ മയക്കുമരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയിലായി; ആശുപത്രയിൽ പ്രവേശിപ്പിക്കപ്പെട്ട കോഴിക്കോട് സ്വദേശിനിക്കെതിരെ പൊലീസ് കേസെടുത്തു
കൊച്ചി: വീര്യംകൂടിയ മയക്കുമരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോഴിക്കോട് സ്വദേശിനിക്കെതിരെ പൊലീസ് കേസെടുത്തു. രാസ പരിശോധനയില്‍ ലഹരിമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനും എന്‍.ഡി.പി.എസ് വകുപ്പാണ് ചുമത്തിയത്. ചികിത്സയിലായതിനാല്‍ യുവതിയുടെ അറസ്റ്റ് പിന്നീടായിരിക്കും രേഖപ്പെടുത്തുക. ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.
ഈ മാസം 27-ാം തീയതിയാണ് ഇരുവരും കൊച്ചയില്‍ എത്തിയത്. വിസ, മെഡിക്കല്‍ പരിശോധനയ്ക്കായി ഇടപ്പള്ളിയിലെ ഖത്തര്‍ വിസാ സെന്ററില്‍ വന്നതാണിവര്‍. പാലാരിവട്ടത്തെ ലോഡ്ജിലാണ് ആദ്യം താമസിച്ചത്. ഇവിടെ നിന്ന് ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ഫോര്‍ട്ടുകൊച്ചിയിലും മറ്റും കറങ്ങി. പാലാരിവട്ടത്തെ ഒരു ലോഡ്‌ജില്‍ മുറിയെടുത്ത ശേഷം ഇവരുടെ കൈവശമുണ്ടായിരുന്ന വെളുത്ത പൊടി ശ്വസിച്ചുവെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. അതിനു ശേഷം വീട്ടിലേയ്ക്ക് മടങ്ങാന്‍ ശ്രമിച്ചെങ്കിലും ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവര്‍ എറണാകുളം നോര്‍ത്ത്, സെന്‍ട്രല്‍ സ്റ്റേഷന്‍ പരിധിയിലെ ലോഡ്‌ജില്‍ മുറിയെടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയാണ് അവശനിലയിലായിരുന്ന പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഒപ്പമുണ്ടായിരുന്ന കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം തിരിച്ചയച്ചു.
സംഭവത്തില്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു. യുവതിയുടെയും കാസര്‍കോട് സ്വദേശികളായ ഇവരുടെ ആണ്‍ സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. തനിക്ക് ഒന്നും ഓര്‍മ്മയില്ലെന്നാണ് യുവതിയുടെ മൊഴി. മയക്കുമരുന്ന് യുവതിയുടെ കൈവശമുണ്ടായിരുന്നതായാണ് ആണ്‍സുഹൃത്തുക്കളുടെ മൊഴി. കഴിഞ്ഞ ദിവസം യുവതിയുടെ കോഴിക്കോട് സ്വദേശിനിയായ കൂട്ടുകാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവരും സമാനമായ രീതിയിലാണ് മൊഴി നല്‍കിയത്.