ബാലുശേരി സ്വദേശിയായ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ തീരുമാനം



ബാലുശേരി:
വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ തീരുമാനം. ഇക്കാര്യത്തില്‍ അനുമതി ആവശ്യപ്പെട്ട് അന്വേഷണ സംഘം ആര്‍.ഡി.ഒയ്ക്ക് കത്തുനല്‍കി. മൃതദേഹം ദുബൈയില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല.

റിഫയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി എ.കെ ശശീന്ദ്രന് റിഫയുടെ അച്ഛന്‍ റാഷിദ് പരാതി നല്‍കിയിരുന്നു. റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനും സുഹൃത്ത് ജംഷാദിനും പങ്കുണ്ടെന്നും റാഷിദ് ആരോപിച്ചു. ആവശ്യമെങ്കില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മാര്‍ച്ച് ഒന്നിനാണ് ദുബൈയിലെ ഫ്‌ളാറ്റില്‍ റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ മെഹ്നാസിനെതിരെ കേസെടുത്തിരുന്നു. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 306, 498 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ മെഹ്നാസിനെതിരെ ചേര്‍ത്തിട്ടുണ്ട്.

യൂട്യൂബിലെയും ഇന്‍സ്റ്റഗ്രാമിലെയും ലൈക്കിന്റെയും സബ്സ്‌ക്രിപ്ഷന്റെയും പേരില്‍ മെഹ്നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹിതരായ റിഫക്കും ഭര്‍ത്താവിനും രണ്ട് വയസുള്ള മകനുണ്ട്. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. മെഹ്നാസ് ഇപ്പോള്‍ നാട്ടിലുണ്ട്. കഴിഞ്ഞ ജനുവരി 24നായിരുന്നു റിഫ മെഹ്നു പര്‍ദ കമ്പനിയില്‍ ജോലിക്കായി ദുബൈയിലെത്തിയത്.

[bot1]