കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ പ്രതി കേരളം വിട്ടതായി പോലീസ് നിഗമനം; ജയിലില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം


കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ മയക്കുമരുന്ന് കേസിലെ പ്രതി സംസ്ഥാനം വിട്ടതായുള്ള നിഗമനത്തില്‍ പോലീസ്. മയക്കുമരുന്ന് കേസില്‍ 10വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട കോയ്യോട് സ്വദേശി ഹര്‍ഷാദ് കഴിഞ്ഞ ദിവസമാണ് തടവ് ചാടിയത്‌. ബാഗ്ലൂരുള്ള ഹര്‍ഷാദിന്റെ സുഹൃത്തുക്കളിലേക്കും ഭാര്യയുടെ നാടായ തമിഴ്‌നാട്ടിലും പോലീസ് അന്വേഷണം വ്യാപിച്ചു.

ഹര്‍ഷാദിനെ കഴിഞ്ഞ ഒമ്പതിന് ജയിലില്‍ വന്നു കണ്ട സുഹൃത്തിന്റെ വീട്ടിലും പോലീസ് അന്വേഷണം നടത്തി. ജയില്‍ചാട്ടത്തിനുള്ള പദ്ധതി തയ്യാറാക്കുന്നതില്‍ ഇയാള്‍ക്കും പങ്കുണ്ടെന്നും പോലീസ് പറയുന്നു.

എല്ലാദിവസവും രാവിലെ ജയിലിലേക്കുള്ള പത്രക്കെട്ട് എടുത്തിരുന്നത് ഹര്‍ഷാദായിരുന്നു. പതിവുപോലെ രാവിലെ പത്രക്കെട്ട് എടുക്കാന്‍ പോയ ഇയാള്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിന്‌റെ പിന്നില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ജയിലിലെ വെല്‍ഫയര്‍ ഓഫീസില്‍ ജോലിയായിരുന്നു ഹര്‍ഷാദിന്.

സംഭവത്തില്‍ തവനൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് വി.ജയകുമാര്‍ സെന്‍ട്രല്‍ ജയിലിലെത്തി അന്വേഷണം നടത്തി, തിങ്കളാഴ്ച രാവിലെ അദ്ദേഹം വെല്‍ഫെയര്‍ ഓഫീസര്‍മാര്‍, അസി.പ്രിസണ്‍ ഓഫീസര്‍മാര്‍, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന
കമാന്‍ഡോകള്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി.

നിലവില്‍ സെന്‍ട്രല്‍ ജയിലില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ തടവുകാരെയും സന്ദര്‍ശകരെയും സംസാരിക്കാന്‍ അനുവദിക്കുകയുള്ളൂ. തടവുകാരെ ജയിലിന് പുറത്തെ ജോലിക്കായി കൊണ്ടുപോകുന്നതിനും താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.