കൊയിലാണ്ടിയിലെ ഗണേശചതുര്‍ത്ഥി ഘോഷയാത്ര: പൊലീസ് നിര്‍ദേശം ചെവിക്കൊള്ളാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചവര്‍ക്കെതിരെ നടപടി തുടരുന്നു; ആറ് വാഹനങ്ങള്‍ പിടിച്ചെടുത്തു, പത്ത് വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയെന്നും പൊലീസ്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്നലെ നടന്ന ഗണേശചതുര്‍ത്ഥി ആഘോഷം നടത്തിയവര്‍ക്കെതിരായ പൊലീസ് നടപടി തുടരുന്നു. ഇതുവരെ ആറ് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും വാഹന ഉടമകളായ പത്തുപേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളില്‍ മറ്റുള്ളവര്‍ക്കും നോട്ടീസ് നല്‍കും.
കണ്ടാലറിയാവുന്ന 200പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ ഉപയോഗിച്ച പതിനാറ് വാഹനങ്ങളും നാസിക് ധോള്‍ അടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്. ഇത് കോടതിയില്‍ ഹാജരാക്കുമെന്നും തുടര്‍നടപടികള്‍ കോടതി തീരുമാനിക്കുമെന്നും സി.ഐ.സുനില്‍കുമാര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതല്‍ ഒമ്പതുമണിവരെയാണ് ഗണേശചതുര്‍ത്ഥി ആഘോഷമെന്ന പേരില്‍ ഒരുകൂട്ടം ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചത്. ലോറികളിലും മറ്റുമായി നഗരത്തിലെത്തിയ ഇവര്‍ സൗണ്ട് സിസ്റ്റമടക്കം ഘടിപ്പിച്ച് ഉച്ചത്തില്‍ ശബ്ദം മുഴക്കുകയും നാസിക് ധോളുകള്‍ കൊട്ടുകയും ചെയ്യുകയായിരുന്നു.
നഗരത്തില്‍ വന്‍ഗതാഗതക്കുരുക്കിനും ശബ്ദമലിനീകരണത്തിനും വഴിവെച്ച ഗണേശ ചതുര്‍ത്ഥി ആഘോഷം നടത്തിയവര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്ത് നടപടി ആരംഭിക്കുകയായിരുന്നു.
പൊലീസ് അനുമതിയില്ലാതെയാണ് ഇവര്‍ ദേശീയപാതയില്‍ ഇത്തരമൊരു പ്രകടനം നടത്തിയത്. ഗതാഗതക്കുരുക്കും ശബ്ദമലിനീകരണവും ഒഴിവാക്കാന്‍ പലവട്ടം പൊലീസ് നിര്‍ദേശം നല്‍കിയിട്ടും അതൊന്നും ചെവിക്കൊടുക്കാതെയാണിവര്‍ പരിപാടിയുമായി മുന്നോട്ടുപോയത്. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടിയെടുത്തത്. ജനങ്ങള്‍ക്ക് മാര്‍ഗതടസം സൃഷ്ടിക്കുക, അതിതീവ്ര ശബ്ദമലിനീകരണം, പൊലീസ് ആജ്ഞ ലംഘിച്ച് പ്രകടനം നടത്തുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.