മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ഉപവാസ സമരവുമായി കെഎസ്‌യു, ശനിയാഴ്ച പ്രവൃത്തി ദിവസമാക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം
കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ മലബാറില്‍ മാത്രമായി അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് കെ.എസ്.യു. ഈ ആവശ്യം ഉന്നയിച്ച് നാളെ കോഴിക്കോട് വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ ഉപവാസസമരം നടത്തുമെന്ന് കെ.എസ്.യു നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തെക്കന്‍ ജില്ലകളില്‍ കുട്ടികളുടെ എണ്ണം വളരെ കുറവുള്ള പ്ലസ് വണ്‍ ബാച്ചുകള്‍ ആവശ്യക്കാര്‍ ഏറെയുള്ള മലബാറിലേക്ക് സ്ഥിരമായി മാറ്റണമെന്ന ആവശ്യത്തോട് കെ.എസ്.യു വിന് യോജിപ്പില്ലെന്നും, ഇപ്പോഴുള്ള സാഹചര്യമായിരിക്കില്ല വരും വര്‍ഷങ്ങളില്ലെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
എട്ട് വര്‍ഷമായി സീറ്റ് പ്രശ്നം ആവര്‍ത്തിക്കപ്പെടുന്നു. എന്നിട്ടും പ്രശ്നത്തിന് ശാസ്ത്രീയമായ പഠനം നടക്കുന്നില്ല. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന് അധിക ബാച്ചുകള്‍ കൊണ്ടുവരാന്‍ സാധിക്കും. എന്നാല്‍ സര്‍ക്കാര്‍ പ്രശ്നത്തില്‍ പരിഹാരം കാണേണ്ട എന്ന പിടിവാശിയിലാണെന്നും അലോഷ്യ പറഞ്ഞു.
അമിതമായുള്ള പഠനഭാരം വിദ്യാര്‍ത്ഥികളിലേക്ക് എടുത്തുവെക്കുന്ന സമീപനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ശനിയാഴ്ച പ്രവൃത്തി ദിവസമാക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും അലോഷ്യസ് അഭിപ്രായപ്പെട്ടു.