പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് പ്രവേശനം നാളെ


തിരുവനന്തപുരം: പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് പ്രവേശനം നാളെ ആരംഭിക്കും. ചൊവ്വാഴ്ച വൈകുന്നേരം നാലുവരെയാണ് സമയപരിധി. അപേക്ഷകർ ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന പോർട്ടലിൽ (https://hscap.kerala.gov.in/) കാൻഡിഡേറ്റ് ലോഗിൻ വഴി അലോട്‌മെന്റ് നില പരിശോധിക്കണം.

അലോട്‌മെന്റ് ലഭിച്ചവർ ടി.സി, സ്വഭാവസർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി രക്ഷിതാവിനൊപ്പം ബന്ധപ്പെട്ട സ്‌കൂളിൽ ഹാജരാകണം. രണ്ടുപേജുള്ള അലോട്‌മെന്റ് കത്തിന്റെ പ്രിന്റ് സ്‌കൂളിൽനിന്ന് പ്രവേശന സമയത്ത് നൽകും.

57,712 അപേക്ഷകളാണ് സപ്ലിമെന്ററി അലോട്‌മെന്റിനായി ലഭിച്ചത്. ഇവയിൽ 50 അപേക്ഷ നിരസിച്ചു. ബാക്കിയാണ് പരിഗണിച്ചത്. 52,555 സീറ്റാണുണ്ടായിരുന്നത്. പട്ടികജാതി വികസനവകുപ്പിന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്തുള്ള 14 മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്‌മെന്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സപ്ലിമെന്ററി ഘട്ടത്തിൽ ഇനി രണ്ട് അലോട്‌മെന്റ് കൂടി നടത്തും. രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനുള്ള വിശദാംശങ്ങൾ 12-ന് പ്രസിദ്ധീകരിക്കും.