പ്ലസ് വണ്‍ പ്രവേശനം; ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധന, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 5 ന്
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് ഏഴു ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് 30 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധന അനുവദിച്ചു.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് സീറ്റ് കൂട്ടുന്നത്. പ്ലസ് വണ്‍ പ്രവേശനത്തിന് മേയ് 16 മുതല്‍ 25 വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. ട്രയല്‍ 29-നും ആദ്യ അലോട്‌മെന്റ് ജൂണ്‍ അഞ്ചിനും നടക്കും.
കൂടാതെ ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഇതിനുപുറമേ 10 ശതമാനം സീറ്റുകൂടി കൂട്ടിനല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അനുമതി നല്‍കി. തൃശ്ശൂര്‍, എറണാകുളം, കൊല്ലം ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ സ്‌കൂളുകളിലും 20 ശതമാനം സീറ്റ് വര്‍ധന അനുവദിച്ചിട്ടുണ്ട്.