ഊരള്ളൂരില്‍ വയോധികയെ കൊലപ്പെടുത്തിയ കേസ്, കൂടത്തായ് കേസ് തുടങ്ങിയ പല പ്രമുഖകേസുകളുടെയും അന്വേഷണത്തില്‍ പങ്കാളി; രാഷ്ട്രപതിയുടെ പൊലീസ് മെഡലിന്റെ തിളക്കത്തില്‍ കാരയാട് സ്വദേശിയായ എസ്.ഐ. പി.കെ.സത്യന്‍


അരിക്കുളം: സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന്റെ തിളക്കത്തിലാണ് കാരയാട് സ്വദേശിയും സൈബര്‍ സെല്‍ എസ്ഐയുമായ പി കെ സത്യന്‍. മൂന്ന് പതിറ്റാണ്ട് നീണ്ട സര്‍വീസിനിടയില്‍ നിരവധി ബഹുമതികള്‍ തേടിയെത്തിയെങ്കിലും രാഷ്ട്രപതിയില്‍ നിന്നുള്ള പുരസ്‌ക്കാരം ആദ്യമായാണ് പി കെ സത്യന് ലഭിക്കുന്നത്. സത്യന്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് 10 പേരാണ് മെഡലിന് അര്‍ഹരായത്.

1993 ല്‍ കോണ്‍സ്റ്റബിളായിട്ടായിരുന്നു പി കെ സത്യന്‍ പോലീസ് ജോലിയില്‍ പ്രവേശിച്ചത്. നീണ്ട 30 വര്‍ഷത്തിനിടയില്‍ പ്രമുഖമായ പല കേസുകളുടെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. കൂടത്തായ് കേസ്, നാദാപുരത്തെ ജ്വല്ലറി മോഷണം, ഊരള്ളൂരിലും മുക്കത്തും വയോധികമാരെ കൊലപ്പെടുത്തിയ സംഭവം, മുക്കം കള്ളനോട്ട് ഇങ്ങനെ നീളുന്നു കേസുകള്‍.

നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായി കള്ളനോട്ട് പിടിക്കുന്നത് കേരളത്തില്‍ നിന്നുള്ള പി.കെ.സത്യന്‍ ഉള്‍പ്പെട്ട സംഘമാണ്. 34 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടാണ് സംഘം പിടിച്ചെടുത്തത്. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പോലീസിനെ കുഴക്കാന്‍ ശ്രമിച്ച പ്രതികളെ അതിസാഹസികമായി കര്‍ണ്ണാടകയിലെ ഉള്‍ഗ്രാമത്തില്‍ നിന്നാണ് കണ്ടെത്തുന്നത്.

വിശിഷ്ട സേവനത്തിന് 2020 മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ഉള്‍പ്പെടെ നിരവധി ബഹുമതികളാണ് സത്യനെ തേടി എത്തിയത്. കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മികച്ച പ്രവര്‍ത്തനത്തിന് 2019-ല്‍ മെറിട്ടോറിയസ് സര്‍വ്വീസ് എന്‍ട്രി, 2020ലും 2021 ലും ബേഡ്ജ് ഓഫ് ഹോണര്‍, ഏഴുപത് ഗുഡ് സര്‍വ്വീസ് എന്‍ട്രിയും ലഭിച്ചിട്ടുണ്ട്. കൂടാതെ അപ്രിസിയേഷന്‍ കേഷ് റിവാര്‍ഡും ലഭിച്ചു. രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പി.കെ സത്യന്റെ മികച്ച പോലീസ് സര്‍വ്വീസിനുള്ള പുതിയ പൊന്‍തൂവലാണ്.

ട്രെയിനിംഗ് ഇന്‍സ്ട്രക്ടറായിട്ടാണ് ആദ്യം ജോലി ചെയ്തിരുന്നത്. പിന്നീട് കോഴിക്കോട്, വടകര, നാദാപുരം, പയ്യോളി, വയനാട് എന്നീ പോലീസ് സ്റ്റേഷനുകളിലും ജോലി ചെയ്തു. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്, ഭീകര വിരുദ്ധ സ്വാഡ് എന്നിവയുടെയും ഭാഗമായി. നിലവില്‍ സൈബര്‍ സെല്‍ എസ്ഐയാണ്.

പോലീസുകാരനെന്നതിന് പുറമേ മികച്ച കലാകാരനുമാണ് സത്യന്‍. തിരക്കേറിയ ജീവിതത്തിനിടയില്‍ പാട്ടുകള്‍ എഴുതി ചിട്ടപ്പെടുത്താനും അദ്ദേഹം സമയം കണ്ടെത്താറുണ്ട്. ആല്‍ബം പാട്ടുകളും എഴുതാറുണ്ട്. കോറോണ കാലഘടത്തില്‍ എഴുതിയ ഗാനം ഹിറ്റായിരുന്നു. ഓണത്തിനായി പാട്ടുകള്‍ തയ്യാറാക്കുന്ന തിരക്കിലാണിപ്പോള്‍ സത്യന്‍.