ഊരള്ളൂരിലെ രാജീവന്റെ മരണം; മരണകാരണത്തില്‍ അവ്യക്തത തുടരുന്നു, കൂടുതല്‍ പേരെ ചോദ്യം ചെയ്യും


കൊയിലാണ്ടി: ഊരള്ളൂര്‍ പുതിയേടത്ത് താഴെ വയലില്‍ ദുരൂഹ സാഹചര്യത്തില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവത്തില്‍ അവ്യക്തത തുടരുന്നു. ഊരള്ളൂര്‍ ചെത്തില്‍ രാജീവന്‍ (58) ആണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മരണ കാരണം എന്തെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്.

പ്രദേശത്തുനിന്ന് ലഭിച്ച ചെരിപ്പ്, വസ്ത്രത്തിന്റെ ഭാഗങ്ങള്‍ എന്നിവ പരിശോധിച്ചതിന്റെയും രാജീവന്റെ ഭാര്യ തിരിച്ചറിഞ്ഞതിന്റെയും അടിസ്ഥാനത്തിലാണ് മൃതദേഹം രാജീവന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ശാസ്ത്രീയമായി ഇക്കാര്യം തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന ആവശ്യമാണ്.

കാലുകള്‍ രണ്ടിടത്തുനിന്നും തല ഉള്‍പ്പെടെയുള്ള ഉടല്‍ഭാഗം പാലത്തിന്റെ വെള്ളക്കെട്ടില്‍ നിന്നുമാണ് കണ്ടെടുത്തത്. കാലിന്റെ തുടഭാഗത്തെ മാംസം നഷ്ടപ്പെട്ട നിലയിലാണ്. മുട്ടിന് താഴെ കാര്യമായ പരിക്കില്ല. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ചില സാധനങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതായി ലക്ഷണമുണ്ട്. എന്നാല്‍ സമീപത്തുള്ള വാഴകളോ മറ്റു ചെടികളോ കത്തിയിട്ടില്ല. ഒരു കുപ്പിയില്‍ മണ്ണെണ്ണപോലുള്ള ദ്രാവകത്തിന്റെ അവശിഷ്ടവും കണ്ടെത്തിയിരുന്നു. കൂടാതെ ലൈറ്ററും കണ്ടെടുത്തിട്ടുണ്ട്.

ശരീരഭാഗങ്ങള്‍ മൃഗങ്ങള്‍ വലിച്ച് വയലില്‍ കൊണ്ടുപോയതാണെങ്കില്‍ ആ ഭാഗത്തെ പുല്ല് ഒടിഞ്ഞ നിലയിലാകുമായിരുന്നു. അങ്ങനെ ഇല്ലാത്തത് സംശയത്തിന് വഴിവയ്ക്കുന്നു. സമീപത്തെ പമ്പ് ഹൗസിനടുത്തുനിന്ന് ശരീരഭാഗങ്ങള്‍ വലിച്ചെറിയാന്‍ കഴിയുമെന്ന സാധ്യതയും പൊലീസ് തള്ളുന്നില്ല. സ്വയം തീകൊളുത്തിയതാണെങ്കില്‍ തീ ആളിപ്പടരുമ്പോള്‍ വേദനകാരണം ഓടും. എന്നാല്‍ അത്തരം ലക്ഷണങ്ങളൊന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല.

സംഭവത്തില്‍ ദുരൂഹതയേറിയതിനാല്‍ വളരെ സൂക്ഷ്മതയോടെയാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. കോഴിക്കോട് എസ്.പിയുടെ ചുമതല വഹിക്കുന്ന കണ്ണൂര്‍ എസ്.പി.അജിത്ത്കുമാര്‍, വടകര ഡി.വൈ.എസ്.പി, ആര്‍.ഹരിപ്രസാദ്, കൊയിലാണ്ടി സി.ഐ എം.വി.ബിജു തുടങ്ങിയവര്‍ തിങ്കളാഴ്ചയും ഊരള്ളൂരിലെത്തി പരിശോധന നടത്തി. ഒട്ടേറെപ്പേരെ ചോദ്യം ചെയ്യാനായി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാര്യമായ വിവരം ലഭിച്ചില്ല. ഫോറന്‍സിക് പരിശോധനാ ഫലം വന്നാല്‍ കാര്യങ്ങള്‍ക്ക് കുറേക്കൂടി വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.