വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയര്‍ സര്‍വ്വീസ് മെഡലിന് അർഹനായി കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി.കെ.പ്രമോദ്
കൊയിലാണ്ടി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയര്‍ സര്‍വീസ് മെഡല്‍ സ്വന്തമാക്കി കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി.കെ.പ്രമോദ്. തനിക്കു ലഭിച്ച അംഗീകാരത്തില്‍ സന്തോഷമുണ്ടെന്നും ഇത് വലിയൊരു ഉത്തരവാദിത്തമായി കാണുന്നുവെന്നും പ്രമോദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
കാക്കൂര്‍ സ്വദേശിയായ പ്രമോദ് കഴിഞ്ഞ 28 വര്‍ഷമായി ഫയര്‍ സര്‍വ്വീസ് രംഗത്ത് സേവനമനുഷ്ഠിക്കുന്നുണ്ട്. കോഴിക്കോട്, മീഞ്ചന്ത, കോഴിക്കോട്, നരിക്കുനി, കുന്നംകുളം, നാദാപുരം ഫയര്‍ സ്റ്റേഷനുകളില്‍ ജോലി ചെയ്ത പ്രമോദ് രണ്ടുവര്‍ഷം ദുബൈ ഗവണ്മെന്റിന് കീഴിലുള്ള ദുബൈ പോര്‍ട്ടില്‍ ഫയര്‍ സര്‍വ്വീസ് രംഗത്തും പ്രവര്‍ത്തിച്ചു. മിഠായിത്തെരുവില്‍ പലതവണയായുണ്ടായ തീപ്പിടിത്തം, കട്ടിപ്പാറ, വിലങ്ങാട് മേഖലയിലുണ്ടായ ഉരുള്‍പൊട്ടലുകള്‍, 2018ലെ പ്രളയം തുടങ്ങിയതുള്‍പ്പെടെ നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു പ്രമോദ്.
സേവന കാലയളവില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്ക്കുമൊക്കെയായി 500ലേറെ ബോധവത്കരണ ക്ലാസുകളും പ്രമോദ് നടത്തിയിട്ടുണ്ട്. രണ്ടുവര്‍ഷത്തോളമായി കൊയിലാണ്ടിയില്‍ സേവനമനുഷ്ഠിക്കുന്നു. 2014ല്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫയര്‍ സര്‍വ്വീസ് മെഡലിനും പ്രമോദ് അര്‍ഹനായിരുന്നു.
കാക്കൂരിലെ ഉണ്ണി നമ്പ്യാറിന്റെയും ലീലാമ്മയുടെയും മകനാണ്. ഭാര്യ ബിന്ദു താമരശ്ശേരി ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപികയാണ്. ആദില്‍, മിത്ര എന്നിവര്‍ മക്കളാണ്.