മരണാന്തരവും മനുഷ്യജീവിതത്തിന്റെ വെളിച്ചമായി മാറി പി.കെ.ഭാസ്‌കരന്‍; പുസ്തക ശേഖരം തിക്കോടിയിലെ കൈരളി ഗ്രന്ഥശാലയ്ക്ക് കൈമാറി


തിക്കോടി: സി.പി.എം മുന്‍ തിക്കോടി ലോക്കല്‍ സെക്രട്ടറി പി.കെ.ഭാസ്‌കരന്റെ പുസ്തക ശേഖരം തിക്കോടിയിലെ കൈരളി ഗ്രന്ഥശാലയ്ക്ക് കൈമാറി. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഖാചരണത്തിന്റെ സമാപന ദിവസം വീട്ടുവളപ്പില്‍ വെച്ച് നടന്ന സി.പി.ഐ.എം ഏരിയ സെക്രട്ടറി എം.പി ഷിബു പി.കെ. ഭാസ്‌കരന്റെ പുസ്തകശേഖരം സി. കുഞ്ഞമ്മദിനും കെ. ഹുസൈന്‍ എന്നിവര്‍ക്ക് കൈമാറി. മൃതദേഹം മെഡിക്കല്‍ പഠനത്തിനായി വിട്ടുനല്‍കിയ അദ്ദേഹം മരണാനന്തരവും മനുഷ്യ ജീവിതത്തിന്റെ വെളിച്ചമായി മാറാന്‍ കഴിയും എന്ന സന്ദേശമാണ് നല്‍കിയതെന്ന് മുഖ്യപ്രഭാഷണം നടത്തി കൊണ്ട് കെ.ഇ.എന്‍ പറഞ്ഞു.

ജീവിതം, തങ്ങളില്‍ തുടങ്ങി തങ്ങളില്‍ അവസാനിക്കുന്ന, ചെറിയ ജീവിതം നയിക്കുന്നതിന് പകരം, തങ്ങളില്‍ തുടങ്ങി തങ്ങള്‍ ജീവിച്ച കാലത്തെ പല മനുഷ്യരിലെക്ക് പടര്‍ന്ന് വലിയ ജീവിതം നയിക്കുക എന്ന പൊതു പ്രവര്‍ത്തകരുടെ ഉത്തരവാദിത്വം തന്റെ ജീവിതത്തില്‍ നിര്‍വ്വഹിച്ച വ്യക്തിയാണ് പി.കെ. ഭാസ്‌കരേട്ടന്‍ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹുസ്വരമായ ആചാരങ്ങളെ അംഗീകരിക്കുമ്പോഴും, ഭൂതകാലത്തിന്റെ സാധ്യതകള്‍ക്ക് കാവല്‍ നിന്നും പരിമിതികള്‍ക്കെതിരെ സമരം ചെയ്തും മരിച്ചവരെക്കൂടി ഉള്‍ക്കൊണ്ട് കൊണ്ടും, വര്‍ത്തമാന ജീവിതത്തിന് നേതൃത്വം കൊടുക്കുന്നു എന്നതാണ് പി.കെ. ഭാസ്‌കരേട്ടന്റെ കുടംമ്പത്തിന്റെ മഹത്വം എന്ന് നേത്രദാനം നല്‍കാന്‍ തയ്യാറായിട്ടും എം.ടിക്ക് മരണശേഷം അതിന് കഴിയാതെ പോയ സാഹചര്യം സൂചിപ്പിച്ചു കൊണ്ട് കെ.ഇ.എന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഭാസ്‌കരേട്ടനോടുള്ള ആദരവ് രേഖപ്പെടുത്തുകയും കുടുംബത്തെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ചടങ്ങില്‍ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷയായിരുന്നു. എം.പി.ഷിബു, സി.കുഞ്ഞമ്മദ്,
സന്തോഷ് തിക്കോടി, ഷക്കീല കെ.പി, ചന്ദ്രശേഖരന്‍ തിക്കോടി, ജയചന്ദ്രന്‍ തെക്കെകുറ്റി, കെ.ജീവാനന്ദന്‍, ശശി എടവന കണ്ടി, രവീന്ദ്രന്‍ എടവനക്കണ്ടി, അബ്ദുള്‍ ഗഫൂര്‍ ടി.വി, അനിത യു.കെ, പത്മനാഭന്‍.കെ എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് ബിജു കളത്തില്‍ സ്വാഗതവും ആര്‍.വിശ്വന്‍ നന്ദിയും പറഞ്ഞു.