കൊല്ലം പിഷാരികാവിലെ ഉത്സവം ഇങ്ങെത്താറായി; കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നാളെ


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നാളെ നടക്കും. പ്രഭാത പൂജയ്ക്ക് ശേഷം പൊറ്റമല്‍ നമ്പീശന്റെ കാര്‍മ്മികത്വത്തിലാണ് കളിയാട്ടം കുറിക്കല്‍ ചടങ്ങ് നടക്കുക.

കാലത്ത് ക്ഷേത്രസ്ഥാപകരായ കാരണവന്മാരുടെ തറയില്‍വെച്ച് ഊരാളന്മാരുടെ സാന്നിദ്ധ്യത്തില്‍ പ്രശ്നംവെച്ചാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിയ്ക്കുന്നത്. എന്നാല്‍ ഉടന്‍തന്നെ കാളിയാട്ട മുഹൂര്‍ത്തം പ്രഖ്യാപിക്കുകയില്ല. നാളെ രാത്രി അത്താഴപൂജയ്ക്ക് ശേഷം നട തുറക്കുമ്പോള്‍ ഷാരടി കുടുംബത്തിലെ ഒരംഗം കാളിയാട്ട മുഹൂര്‍ത്തം ഉച്ചത്തില്‍ വിളിച്ചറിയിക്കുന്നതാണ് ചടങ്ങ്.

പിഷാരികാവിലെ വര്‍ഷാന്ത ഉത്സവം കാളിയാട്ടം എന്ന പേരിലാണ് അറിയപ്പെടുന്നത്. മലബാറിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ക്ഷേത്രോത്സവമാണ് പിഷാരികാവിലെ കാളിയാട്ട മഹോത്സവം.

കളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നത് കുംഭ മാസത്തിലും കാളിയാട്ടം മീനമാസത്തിലായിരിക്കും നടത്തുക. ചേമഞ്ചേരിയിലുള്ള പൊറ്റമ്മല് കുടുംബത്തിലെ കാരണവരായ നമ്പീശനാണ് കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നത്. ഉത്സവം മീനമാസത്തില്‍തന്നെ നടത്തണമെന്നല്ലാതെ നിശ്ചിത ദിവസം തന്നെ നിശ്ചിത നാളില്‍ നടത്തണമെന്ന് നിര്‍ബന്ധമില്ല. അത് ഓരോ കൊല്ലവും നിശ്ചയിക്കുകയാണ് പതിവ്.