”സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരോടൊപ്പം വലതുപക്ഷമാധ്യമങ്ങളും ഒന്നിക്കുന്നു”: സി.പി.എം നടേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ പിണറായി വിജയന്‍
കൊയിലാണ്ടി: കമ്മ്യൂണിസ്റ്റ് വിരുദ്ധ പാര്‍ട്ടികളോടൊപ്പം വലതുപക്ഷ മാധ്യമങ്ങളും ചേര്‍ന്ന് സര്‍ക്കാറിനെ ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാവുംവട്ടത്ത് സി.പി.എം നടേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് പി.കെ.ശങ്കരന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ സര്‍ക്കാറിനും ഇടതുപക്ഷ പ്രസ്ഥാനങ്ങളര്‍ക്കും പിന്നില്‍ സാധാരണ ജനങ്ങള്‍ അണിചേരുന്ന കാഴ്ചയാണ് കാണുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും ചേലക്കരയിലും കാണുന്ന കാഴ്ച ഇതാണെന്നും അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടി സി.പി.എം നടേരി ലോക്കല്‍ കമ്മിറ്റി ഓഫീസിനായി സി.പി.എമ്മിന്റെയും കര്‍ഷക സംഘത്തിന്റേയും നേതാവായിരുന്ന പി.കെ.ശങ്കരന്റെ ഓര്‍മ്മക്കായി നിര്‍മ്മിച്ച പി.കെ ശങ്കരന്‍ സ്മാരക മന്ദിരം അദ്ദേഹത്തിന്റെ ചരമദിനത്തിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. റോഡരികില്‍ പാര്‍ട്ടി വാങ്ങിയ അഞ്ചര സെന്റ് സ്ഥലത്താണ് ഇരുനില കെട്ടിടം പണിതത്. രാഷ്ട്രീയത്തടവുകാരനായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശങ്കരനൊപ്പം കഴിഞ്ഞ നാളുകളിലെ സംഭവങ്ങള്‍ ഓര്‍ത്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു തുടങ്ങിയത്.
കോണ്‍ഗ്രസിന് ബി.ജെ.പിയുമായുള്ള രഹസ്യ ബന്ധം തിരിച്ചറിഞ്ഞ നേതാക്കളും പ്രവര്‍ത്തകളും കോണ്‍ഗ്രസ്സ് ബന്ധം ഉപേക്ഷിച്ച് എല്‍.ഡി.എഫിനെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയില്‍ സി.പി.എം കൊയിലാണ്ടി ഏരിയ സെക്രട്ടറി ടി.കെ.ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. പി.വി.മാധവന്‍ പതാക ഉയര്‍ത്തി. പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍ സുവനീര്‍ പ്രകാശനം ചെയ്യുകയും സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റിയംഗം അഡ്വ.കെ.സത്യന്‍ ഏറ്റുവാങ്ങുകയും ചെയ്തു.
ആര്‍കിടെക് വി.എം.സോമരാജന്‍, ഫിറോസ് എന്നിവര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.മുഹമ്മദ് ഹാള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സി.പി.എം ജില്ലാകമ്മിറ്റിയംഗങ്ങളായ ടി.പി.ദാസന്‍, പി.വിശ്വന്‍, കെ.ദാസന്‍ കാനത്തില്‍ ജമീല എം.എല്‍.എ, കന്മന ശ്രീധരന്‍ മാസ്റ്റര്‍ എന്നിവര്‍ സഖാക്കളായ യു.കെ കുഞ്ഞിച്ചോയി, എൻ എസ് നമ്പൂതിരി, കെ കുഞ്ഞാത്തു എന്നിവരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. നടേരി ലോക്കൽ കമ്മറ്റി സെക്രട്ടറി ആർകെ അനിൽകുമാർ സ്വാഗതം പറഞ്ഞു
ഹെല്‍പ്പ് ലൈന്‍ നടേരി സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവിന് നല്‍കിയ ഫ്രീസര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഏറ്റുവാങ്ങി.
Summary: Pinarayi Vijayan at the inauguration of CPM Nateri local committee office