ആളിക്കത്തി ഇന്ധനവില; പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന; കോഴിക്കോട് പെട്രോള്‍ വില 110 കടന്നു
കോഴിക്കോട്: വാഹന യാത്രക്കാര്‍ക്ക് ഇരുട്ടടിയായി ഇന്ധന വില കുതിക്കുന്നു. പെട്രോളിനും ഡീസലിനും ഇന്നും വില കൂടി. ഒരു ലീറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും വര്‍ധിച്ചു. ഒരാഴ്ച കൊണ്ട് ഒരു ലീറ്റര്‍ പെട്രോളിന് 6 രൂപ 10 പൈസയും ഡീസലിന് 5 രൂപ 86 പൈസയും വര്‍ധിച്ചു. ഒരിടവേളയ്ക്കുശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു തുടങ്ങിയത്.
ഇന്ന് മുതല്‍ ഒരു ലീറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത് 112 രൂപ 40 പൈസയും, കോഴിക്കോട് 110 രൂപ 58 പൈസയും, എറണാകുളത്ത് 110 രൂപ 41 പൈസയും നല്‍കണം. തിരുവനന്തപുരത്ത് ഡീസല്‍ വില ലീറ്ററിന് നൂറുരൂപയ്ക്ക് അടുത്തെത്തി. ബുധനാഴ്ച മുതല്‍ 99 രൂപ 31 പൈസ നല്‍കണം. കോഴിക്കോട് 97 രൂപ 63 പൈസ, എറണാകുളത്ത് 97 രൂപ 45 പൈസ എന്നിങ്ങനെയാണ് പുതിയ വില.