‘പ്രവേശനോത്സവ ദിനത്തിൽ കുരുന്നുകളെ വരവേൽക്കാനായി അവൻ ഏറെ ഉത്സാഹിച്ചു, യാത്രയായത് ഒരുപാട് സ്വപ്നങ്ങൾ ബാക്കിവച്ചാണ്…’; ശ്രീഹരിയുടെ വിയോഗത്തിൽ ഹൃദയമുരുകി പെരുവട്ടൂർ എൽ.പി സ്കൂൾ
കൊയിലാണ്ടി: പ്രവേശനോത്സവത്തിനും ശ്രീഹരി ഉണ്ടായിരുന്നു, സ്കൂളിനെ വർണ്ണാഭമാക്കാനും കുരുന്നുകളെ വരവേൽക്കാനുമൊക്കെ ഏറെ ഉത്സാഹത്തോടെയാണവൻ ഓടി നടന്നത്. എന്നാൽ അത് കഴിഞ്ഞ് ഒരാഴ്ച തികയും മുമ്പാണ് ഈ മരണ വാർത്ത കേൾക്കുന്നത്. ഇനിയുമീ വാർത്ത ഉൾക്കൊള്ളാനായിട്ടില്ല പെരുവട്ടൂർ എൽ.പി സ്കൂളിലെ വ്യക്തികൾക്ക്.
ഇന്ന് രാവിലെയാണ് പെരുവട്ടൂർ പൂതകുറ്റി കുനി പടിഞ്ഞാറെ രാമൻകണ്ടി ശ്രീഹരി അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മിതഭാഷിയായിരുന്നെങ്കിലും മികച്ച സംഘാടകനായിരുന്നു ശ്രീഹരി. കലാ പ്രവർത്തനങ്ങളിൽ ഏറെ ഉൽസുഹുകനായിരുന്നു. ഇതിനു പുറമെ നാടിൻറെ തന്നെ അഭിമാനമായ കലാകാരനും ഉഗ്രൻ കളരി അഭ്യാസിയും.
കഴിഞ്ഞ 2 വർഷമായി പെരുവട്ടൂർ എൽ.പി സ്കൂളിന്റെ പി.ടി.എ പ്രസിഡന്റായി പ്രവർത്തിക്കുകയാണ് ശ്രീഹരി. എല്ലാത്തിനും പിന്തുണയുമായി എപ്പോഴുമുണ്ടായിരുന്നു ഇയാൾ. ശ്രീഹരിയുടെ കലാജീവിതത്തിനു പൂർണ്ണ പിന്തുണയുമായി കുടുംബവും. നിരവധി നാടക വേദികളിൽ ഏറെ വേഷങ്ങൾ അഭിനയിച്ചു മികവുറ്റതാക്കിയിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. ഞായറാഴ്ച പൂക്കാട് എഫ്.എഫ് ഹാളിൽ അരങ്ങേറിയ ശാന്ത നാടകത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
എന്നാൽ ഏറെ സ്വപ്നങ്ങളും അഭിനയിച്ചു തീർക്കാനുമുള്ള വേഷങ്ങൾ ബാക്കിയാക്കി ജീവിത അരങ്ങ് ഒഴിയുമ്പോൾ അതിനിയും ഉൾക്കൊള്ളാനായിട്ടില്ല നാട്ടുകാർക്കും സ്കൂളിലെ പ്രവർത്തകർക്കും മാതാപിതാക്കൾക്കും.
സജീന്ദ്രന്റെയും പ്രസന്നയുടെയും മകനാണ് ശ്രീഹരി. ഭാര്യ: ഗോപിക (പൊയിൽക്കാവ്). മക്കൾ: ഗൗരി പാർവ്വതി, ഗായത്രി. സഹോദരൻ: ശ്രീനാഥ്.