ലക്ഷ്യമിടുന്നത് പ്രതിവര്‍ഷം 24.7ദശലക്ഷം യൂണിറ്റ് വൈദ്യുതി; പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി 26ന് നാടിന് സമര്‍പ്പിക്കും
പേരാമ്പ്ര: ആറ് മെഗാവാട്ട് ശേഷിയുളള പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി 26-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ജില്ലയിലെ പത്താമത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയാണിത്.
കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുവണ്ണാമൂഴി ജലസംഭരണിയില്‍ നിന്ന് പുറന്തള്ളുന്ന അധികജലം ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പ്പാദനം നടത്തുന്നത്. കഴിഞ്ഞവര്‍ഷം ജൂലായ് മുതല്‍ ഇവിടെ ഉത്പാദനം തുടങ്ങിയിട്ടുണ്ട്. 80 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.
പദ്ധതിയുടെ ശിലാസ്ഥാപനം 2017 നവംബറിലാണ് നിര്‍വഹിച്ചത്. ആറ് മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതിയില്‍ രണ്ട് യന്ത്രങ്ങള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ 0.144 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും.
കക്കയം പവര്‍ ഹൗസില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദനം കഴിഞ്ഞ് 802.67 മില്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളമാണ് പെരുവണ്ണാമൂഴി റിസര്‍വോയറില്‍ എത്തുന്നത്. ഇതില്‍ ജലസേചനം, കുടിവെള്ളം എന്നിവയുടെ ആവശ്യം കഴിഞ്ഞുള്ള 623.84 മില്യണ്‍ ക്യൂബിക് മീറ്റര്‍ അധികജലം ഉപയോഗിച്ച് പ്രതിവര്‍ഷം 24.7 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതാണ് പദ്ധതി. മൂന്ന് മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉല്‍പ്പാദനം.