ഇന്നലെ പുലര്‍ച്ചെ വട്ടക്കയം ഭാഗത്ത് കണ്ടു, വൈകീട്ട് ഇളങ്കോട് മേഖലയില്‍ കണ്ടു, രാത്രിയില്‍ പരുത്തിപ്പാറയിലും കണ്ടു?; കടുവാ പേടിയില്‍ പെരുവണ്ണാമൂഴി, കടുവാ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് വനപാലകര്‍, പരിശോധന തുടരുന്നു
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി വട്ടക്കയം ഭാഗത്ത് ഇന്നലെ പുലര്‍ച്ചെ കടുവയെ കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കടുവയ്ക്കായുള്ള തിരച്ചില്‍ ഇന്നും തുടര്‍ന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. എന്നാല്‍ ഇതുവരെ കടുവയുടെ സാന്നിധ്യം എവിടെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം പ്രദേശ വാസികള്‍ ഇപ്പോഴും കടുവാ ഭീതിയില്‍ തുടരുകയാണ്. ഇന്നലെ പുലര്‍ച്ചെയോടെയാണ് പെരുവണ്ണാമൂഴി വട്ടക്കയം ഭാഗത്ത് കടുവയെ കണ്ടതായി ആദ്യം മൊഴിലഭിച്ചത്. റബ്ബര്‍ ടാപ്പിംഗിന് പോവുകയായിരുന്ന കൊല്ലം സ്വദേശികളായ ദമ്പതികളാണ് കടുവയെ ആദ്യം കാണുന്നത്. ഇവര്‍ ഇരുചക്ര വാഹനത്തില്‍ പോവുമ്പോള്‍ കടുവ റോഡ് മുറിച്ച് കടക്കുന്നതായി കാണുകയായിരുന്നു.
പിന്നീട് ഇളങ്കോട് മേഖലയില്‍ പൈകയില്‍ ഷാന്റിയാണ് വൈകുന്നേരം 7 മണിയോടെ വീട്ടുമുറ്റത്ത് കടുവയെ കണ്ടത്. പട്ടി കുരച്ചത് കേട്ട് നോക്കിയപ്പോഴാണ് വീട്ടുമുറ്റത്ത് കടുവ നില്‍ക്കുന്നതായി കണ്ടതെന്നാണ് പറഞ്ഞത്. ശേഷം പരുത്തിപാറ വിനീതിന്റെ കൃഷിയിടത്തിലും രാത്രി 9 മണിയോടെ കടുവയെ കണ്ടതായി ജോലിക്കാര്‍ പറഞ്ഞു.
അതേസമയം ഇവിടെയൊന്നും കടുവയുടെ സാന്നധ്യം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസര്‍ ബൈജു നന്ദു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സംശയം പ്രകടിപ്പിച്ച സ്ഥലങ്ങളിലെല്ലാം നടത്തിയ പരിശോധനകളിലും കടുവ എത്തിയതായ തെളിവുകളൊന്നും ഉണ്ടായില്ലെന്നും പറഞ്ഞു. ഇന്നും പ്രദേശത്ത് നൈറ്റ് പട്രോളിങ് ഉള്‍പ്പെടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടുവയുടെ സാന്നിധ്യം സ്ഥിരികരിച്ചാല്‍ മാത്രമേ കൂടുതല്‍ നടപടികളിലേക്ക് പോവാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടുവ ഭീതി തുടരുന്ന ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് ഏഴില്‍ പെട്ട പെരുവണ്ണാമൂഴി വട്ടക്കയത്ത് ഇപ്പോഴും ജാഗ്രത തുടരുകയാണെന്ന് വാര്‍ഡ് മെമ്പര്‍ രാജേഷ് തറവട്ടത്ത് പറഞ്ഞു.
summary: due to the fear of tigers, the residents of peruvannamuzhi continue to check