പെരിയ ഇരട്ടക്കൊലക്കേസ്; മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി തടഞ്ഞു
കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 14–ാം പ്രതി കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.മണികണ്‌ഠൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി എന്ന രാഘവൻ നായർ, 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചത്. ശിക്ഷ മരവിപ്പിച്ചതോടെ നാലു പ്രതികൾക്കും ജാമ്യം ലഭിക്കും.
സിബിഐ കോടതി വിധിക്കെതിരെ കുഞ്ഞിരാമൻ അടക്കമുള്ളവർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. 5 വർഷം തടവും 10,000 രൂപ വീതം പിഴയുമായിരുന്നു വിചാരണ കോടതി പ്രതികൾക്കു വിധിച്ചിരുന്നത്. വിചാരണ കോടതി വിധിക്കെതിരെയുള്ള അപ്പീലിൽ പിന്നീട് വാദം കേൾക്കും. ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.
2019 ഫെബ്രുവരി 17ന് രാത്രി 7.45നായിരുന്നു കേസിനാസ്പദമായ സംഭവം. പെരുങ്കളിയാട്ടത്തിൻറെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവരെ പെരിയ കല്യോട്ട് വെച്ച് ജീപ്പിലെത്തിയ അക്രമികൾ ഇവരെ ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.