” എനിക്ക് ഭാര്യയുമൊത്ത് ജീവിച്ചുപോകാന്‍ കഴിയില്ല” എന്ന് പറഞ്ഞ് പെട്രോളില്‍ കുളിച്ച് പൊലീസിന് മുന്നില്‍ ആത്മഹത്യഭീഷണിയുമായി കടിയങ്ങാട് സ്വദേശിയായ 26കാരന്‍; യുവാവിനെ മണിക്കൂറുകളെടുത്ത് അനുനയിപ്പിച്ച് പേരാമ്പ്ര പൊലീസ്‌


പേരാമ്പ്ര: പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രിയോടെ അരങ്ങേറിയ ഉദ്വേഗഭരിതമായ സംഭവ വികാസങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. സംഭവത്തെക്കുറിച്ചുള്ള പേരാമ്പ്ര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ റിയാസ് കെ.ടിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ സുഹൃത്താണ് സ്വന്തം ഫേസ് ബുക്കിലൂടെ റിയാസിന്റെ വാക്കുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാനസിക പിരിമുറുക്കത്തിന്റെ തീവ്രതയിൽ രക്ഷയില്ലാതെ മരണം വരിക്കാൻ തീരുമാനിച്ച കടിയങ്ങാട് സ്വദേശിയായ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് പേരാമ്പ്ര പൊലീസ്.

പ്രവാസിയായ യുവാവ് ഒരു വര്‍ഷം മുന്‍പാണ് വൈവാഹിക ജീവിതത്തിലേക്ക് കടന്നത്. യുവാവിന്റെ ദാമ്പത്യബന്ധത്തിലുണ്ടായ സ്വരച്ചേര്‍ച്ചയില്ലായ്മയെ തുടര്‍ന്ന് ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയതിനെ തുടര്‍ന്നുണ്ടായ മാനസിക വിഷമത്താലാണ് പെട്രോളില്‍ കുളിച്ച് കൈയ്യില്‍ പിടിച്ച തീപ്പെട്ടിയുമായി  മരണ ഭീഷണിയുമായി യുവാവ് സ്റ്റേഷനിലെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ റിയാസ് കെ.ടി കൊയിലാണ്ടി ന്യൂസ് ഡോട്കോമ്നോട് വ്യക്തമാക്കി.

ഏറെ നേരത്തെ അനുനയിപ്പിക്കല്‍ ശ്രമിത്തിനൊടുവിലാണ് പൊലീസ് സാധാരണ മാനസികാവസ്ഥയിലെക്ക് തിരികെയെത്തിച്ചത്. യുവാവിന് മറ്റ് മാനസിക പ്രശ്നങ്ങളൊന്നും തന്നെയില്ലെന്നും വിവരമറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കൊണ്ടുപോവാനായി സ്റ്റേഷനിലെത്തിയവര്‍ക്ക് ആവശ്യമെങ്കില്‍ കൌണ്‍സിലിങ്ങ് നടത്തണമെന്നും എന്തെങ്കിലും ആവശ്യമുണ്ടായാല്‍ പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണമെന്നും നിര്‍ദ്ദേശം നല്‍കിയ ശേഷമാണ് യുവാവിനെ അവരോടൊപ്പം വിട്ടത്.

 

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇതാ

പ്രിയ സഹപ്രവർത്തകരെ വളരെ വലിയ ഒരു ദുരന്തത്തിൽ നിന്നും, പോലീസിന്റെ അതി സാഹസികവും ബുദ്ധിപരവുമായ ഇടപെടലിലൂടെ 26 വയസ്റ്റു മാത്രം പ്രായമുള്ള ഒരു യുവാവിന്റെ ജീവൻ സംരക്ഷിച്ചിരിക്കുകയാണ്.. ഇന്നലെ 15 – 05-2023 തിയ്യതി രാത്രി ഏകദേശം 11.15 ന് പേരാമ്പ്ര പോലീസ് സ്റ്റേഷനിലേക്ക് 26 വയസ്സുകാരൻ കടന്നു വരികയാണ്. സ്റ്റേഷൻ മുറ്റത്ത് വന്ന് നിന്ന അയാൾ പറഞ്ഞു: എനിക്ക് ഭാര്യയുമൊത്ത് ജീവിച്ചു പോകാൻ കഴിയില്ല എന്ന്.

ഇതു കേട്ട പാടെ ജിഡി ചാർജ് ഡ്യൂട്ടിയിലുണ്ടായിരുന്ന സുഹൃത്ത് സുനിൽ
പെട്രോളിന്റെ മണത്തിൽ നിന്നും അപകടം തിരിച്ചറിഞ്ഞു.. കൂടെ കണ്ട് നിന്ന ഞങ്ങൾക്കും പന്തികേട് തിരിച്ചറിയാനായി നൈറ്റ് ഓഫീസർ
ലത്തീഫ് SI, പാറാവിലുള്ള രമ്യേഷ്, പ്രബീഷ് ഡ്രൈവർ ബൈജു, ഡോഗ് സ്ക്വാഡിലെ മറ്റൊരു പോലീസുകാരൻ, പിന്നെ ഈയുള്ളവനും അതീവ ജാഗ്രതയോടെ യുവാവിന്റെ ചുറ്റിലും നില കൊണ്ടു.

ജിഡി ചാർജ് അതി സംയമനത്തോടെ പരാതിക്കാരനുമായി സംവദിച്ചു കൊണ്ടിരുന്നു.. ! തലയിലൂടെ പെട്രോളൊഴിച്ചാണ് പരാതിക്കാരന്റെ നിൽപ്പെന്ന് ഞങ്ങൾക്കൊക്കെ പെട്രോളിന്റെ മണം കൊണ്ട് മനസ്സിലായി. ഞങ്ങൾ അതീവ ജാഗ്രതയോടെ പരാതിക്കാരനറിയാതെ ബക്കറ്റുകളിൽ വെള്ളം നിറച്ചു വെച്ചു. സ്റ്റേഷനിലെ കോട്ടൻ ഫ്ലോർ മാറ്റുകളും തയ്യാറാക്കി വെച്ചു. ഈ സമയത്തൊക്കെ അനുനയ നീക്കവുമായി ജിഡി ചാർജ് വിയർക്കുകയായിരുന്നു.

ഒരു വേള, പരാതിക്കാരനെ
കീഴ്പ്പെടുത്താനുള്ള എന്റെയും ബൈജുവിന്റെയും നീക്കം തിരിച്ചറിഞ്ഞ പരാതിക്കാരൻ കൈയിലുള്ള തീപ്പെട്ടിക്കൊള്ളി ഉരയ്ക്കാൻ നോക്കി. അപകടം തിരിച്ചറിഞ്ഞ് ഞങ്ങൾ പിൻമാറി. ആ സമയത്തും ജിഡി ചാർജ് സുനിൽ അനുനയശ്രമത്തിൽ കഷ്ടപ്പെടുന്നുണ്ടായിരുന്നു.

ഒടുവിൽ പരാതിക്കാരൻ പോലീസു കാരുടെ കരുതലിന്റെയും സ്നേഹത്തിന്റെയും മുന്നിൽ കീഴടങ്ങി.. ഞങ്ങൾക്ക് ആശ്വാസത്തിന്റെ ശ്വാസം നേരെ വീണു. പരാതിക്കാരൻ ധരിച്ച പെട്രോളിന്റെ തീവ്ര ഗന്ധമുളള ടീ ഷർട്ട് അഴിച്ചു മാറ്റി രക്ഷക്കായി കരുതി വെച്ച വെള്ളത്തിൽ സ്നേഹത്തോടെ കുളിപ്പിച്ചു.

സ്റ്റേഷൻ ജിഡിയുടെ മുന്നിലെ കസേരിയിൽ കുശലം പറഞ്ഞിരിക്കുന്ന പരാതിക്കാരൻ രക്ഷപ്പെടുത്തിയത് ശരിക്കും ഞങ്ങളെയും ഞങ്ങളെ ആശ്രയിക്കുന്ന കുടുംബത്തെയുമാണ്. പരാതിക്കാരന്റെ വീട്ടുകാരെ സംഭവം വിളിച്ചറിയിച്ചു. ബന്ധുക്കളും നാട്ടുകാരും വന്നു.. ,അര മണിക്കൂറിനകം .. അവരുടെ കൂടെ പരാതിക്കാരനെ വീട്ടിലേക്ക് പറഞ്ഞു വിട്ടപ്പോൾ ഞങ്ങൾ പരസ്പരം നോക്കി.

നന്ദി
ഒരായിരം നന്ദി…
റിയാസ്..

മാനസികപ്പിരിമുറുക്കത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ പെട്രോളില്‍ മുങ്ങിക്കുളിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ  യുവാവിന്റെ ജീവന്‍ രക്ഷിക്കാനായതിന്റെ സന്തോഷവും സമാധാനവും റിയാസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്.