ഇടിക്കൂട്ടില്‍ ഇടി മിന്നല്‍ പോലൊരു പേരാമ്പ്രക്കാരന്‍; കിക്ക് ബോക്സിംഗിൽ മെഡല്‍ നേട്ടവുമായി സായൂജ്‌


പേരാമ്പ്ര: കിക്ക് ബോക്‌സിംഗില്‍ ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങി പേരാമ്പക്കാരന്‍ സായൂജ്. ഡൽഹിയിൽ വെച്ച് നടന്ന അംബേദ്ക്കർ നാഷണൽ ഗെയിംസ് ടൂർണ്ണമെന്റിൽ കിക്ക് ബോക്സിംഗിൽ ബ്രോൺസ് മെഡൽ കരസ്ഥമാക്കിയാണ് ചേലിയ ഇലാഹിയ കോളേജ് വിദ്യാർത്ഥിയായ സായൂജ് നാടിന് അഭിമാനമായത്. ഡിസംബർ 2 ,3 തിയ്യതികളിലായ നടന്ന ടൂർണ്ണമെന്റില്‍ ഫുള്‍ കോണ്‍ടാക്റ്റ് 60 kg വിഭാഗത്തിലാണ്‌ ബ്രോൺസ് മെഡൽ കരസ്ഥമാക്കിയത്‌.

സ്‌ക്കൂള്‍ കാലത്ത് തന്നെ കായികരംഗത്തോട് താല്‍പര്യമുള്ള സായൂജ് കോളേജിലെത്തിയതോടെയാണ് കിക്ക് ബോക്‌സിംഗിലേക്ക് തിരിഞ്ഞത്. മകന്റെ ആഗ്രഹത്തിനൊപ്പം അച്ഛന്‍ സുര്‍ജിത്തും സജിതയും പിന്തുണയുമായി എത്തിയതോടെ സായൂജിന് ആത്മവിശ്വാസം കൂടി. തുടര്‍ന്ന് കിക്ക് ബോക്‌സിംഗില്‍ കൃത്യമായി പരിശീലനം നേടാന്‍ സായൂജ് തീരുമാനിക്കുകയായിരുന്നു

കൃത്യമായി പറഞ്ഞാല്‍ ഒരുവര്‍ഷം മുമ്പാണ് കിക്ക് ബോക്‌സിംഗിനെ സീരിയസായി കണ്ട് പരിശീലനം ആരംഭിച്ചത്. പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന പിഎംഎ എന്ന സ്ഥാപനത്തിലാണ് പരിശീലനം. ഈ രംഗത്ത് 10വര്‍ഷത്തിലധികം പരിചയമുള്ള റസാഖ് മാസ്റ്ററാണ് സായൂജിന്റെ പരിശീലകന്‍. കിക്ക് ബോക്‌സിംഗിനൊപ്പം റസ്ലിങ്ങിലും സായൂജ് മത്സരത്തിനിറങ്ങിയിട്ടുണ്ട്.

ഇനി ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കി ഇന്റര്‍നാഷണല്‍ ലെവലില്‍ കിക്ക് ബോക്‌സിംഗ് മത്സരത്തില്‍ പങ്കെടുക്കണമെന്നാണ് സായൂജിന്റെ ആഗ്രഹം. നാട്ടുകാരും കോളേജും വീട്ടുകാരും എല്ലാവിധ സഹായങ്ങളുമായി പിന്നിലുള്ളതിനാല്‍ ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് സായൂജ് പറയുന്നത്.