പാട്ട് പാടാന്‍ അവസരം കൊടുക്കാമെന്ന് പറഞ്ഞ് പതിമൂന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ പേരാമ്പ്ര സ്വദേശിയായ ഗായകന് പത്തുവര്‍ഷം കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി


പേരാമ്പ്ര: പതിമൂന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പേരാമ്പ്ര സ്വദേശിക്ക് പത്തുവര്‍ഷം കഠിന തടവും മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും. വാളൂര്‍ ചേനോളി കിഴക്കയില്‍ മീത്തല്‍ വീട്ടില്‍ കുത്തുബി ഉസ്താദ് എന്ന നിസാര്‍ (30) ആണ് ശിക്ഷിക്കപ്പെട്ടത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി അനില്‍ ടി.പിയാണ് വിധി പ്രസ്താവിച്ചത്.

2019 ല്‍ ആണ് കേസ് ആസ്പദമായ സംഭവം. ഗായകന്‍ ആയ പ്രതി കുട്ടിയെ പ്രതിയുടെ കൂടെ പാട്ടു പാടാന്‍ അവസരം കൊടുക്കാം എന്നു പറഞ്ഞു കുട്ടിയുടെ പാട്ടു കേള്‍ക്കാന്‍ വിളിച്ചു വരുത്തി പ്രതിയുടെ കാറില്‍ വച്ചു ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു. വീട്ടില്‍ എത്തിയ കുട്ടി അമ്മയോട് കാര്യം പറയുക ആയിരുന്നു.

പോക്‌സോ നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്. പേരാമ്പ്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇന്‍സ്പെക്ടര്‍മാരായ ബിജു.കെ.കെ.സുമിത്ത്കുമാര്‍ എന്നിവര്‍ ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ പി.ജെതിന്‍ ഹാജരായി.