നിപ സ്ഥിരീകരിച്ചത് പേരാമ്പ്രയിലല്ല” ജില്ലയില്‍ നിപ്പാ സ്ഥിരീകരിച്ചതിന് പിന്നാലെ ഒരു മുഖ്യധാരാ ചാനല്‍ നല്‍കിയ വാര്‍ത്തയ്‌ക്കെതിരെ പ്രതിഷേധവുമായി പേരാമ്പ്രയിലെ വ്യാപാരികള്‍
പേരാമ്പ്ര: ജില്ലയില്‍ നിപ്പ രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ചില മുഖ്യധാരാ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ പ്രതിഷേധമറിയിച്ച് പേരാമ്പ്രയിലെ വ്യാപാരികള്‍. നിപ സ്ഥിരീകരിച്ച പഞ്ചായത്തുകളില്‍ ഒന്ന് നാദാപുരം മണ്ഡലത്തിലെ മരുതോങ്കര ആണെന്നിരിക്കെ അത് പേരാമ്പ്രയില്‍ ആണ് എന്ന തരത്തില്‍ ഒരു ചാനല്‍ വാര്‍ത്ത നല്‍കിയതിനെതിരെയാണ് വ്യാപാരികള്‍ രംഗത്തുവന്നിരിക്കുന്നത്.
ഇത്തരം വാര്‍ത്തകള്‍ പേരാമ്പ്രയിലെ വ്യാപാരികളെയും പൊതുജനങ്ങളെയും ആകുലപ്പെടുത്തുന്നതാണെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ”നിപ്പ രോഗ സംശയത്തിന്റെ പശ്ചാത്തലത്തിൽ 24 ന്യൂസ് ചാനൽ പുറത്തുവിട്ട വാർത്ത പേരാമ്പ്രയിലെ വ്യാപാരികളിൽ അസ്വസ്ഥതയും ആശങ്കയും ഉളവാക്കുന്നു. 2018 ല്‍ ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ നിപ്പാരോഗം സ്ഥിരീകരിച്ചപ്പോള്‍ പേരാമ്പ്രപട്ടണം ആണ് പ്രഭവ കേന്ദ്രം എന്ന നിലയില്‍ ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും തുടര്‍ന്ന് മാസങ്ങളോളം പേരാമ്പ്ര പട്ടണവും പരിസര പ്രദേശങ്ങളും വിജനമാകുകയും വ്യാപാരമേഖല കടുത്ത പ്രതിസന്ധിയില്‍ ആവുകയും ചെയ്തത് കച്ചവടക്കാര്‍ മറന്നു പോയിട്ടില്ല. സമാനമായ സ്ഥിതിവിശേഷത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ ഉരുതിരിഞ്ഞു വരുന്നത്.
നിപ്പാ രോഗത്താല്‍ ആണെന്ന് സംശയിക്കുന്ന മരണം നടന്നത് നാദാപുരം നിയോജകമണ്ഡലത്തിലെ മരുതോങ്കരയിലാണ്. അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമായാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഈ വിഷയത്തെ കാണുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുകയും പ്രദേശത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മറ്റ് നടപടികള്‍ സ്വീകരിക്കുകയും വേണം. എന്നാല്‍ ഈ സംഭവം പേരാമ്പ്രയില്‍ ആണ് നടന്നത് എന്ന നിലയില്‍ മുകളില്‍ പറഞ്ഞ ചാനല്‍ വാര്‍ത്ത നല്‍കിയിരിക്കുന്നതാണ് പ്രദേശത്തെ വ്യാപാരികളെയും പൊതുജങ്ങളെയും ആകുലപ്പെടുത്തുന്നത്.” വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അഞ്ചുവര്‍ഷം മുമ്പ് നടന്ന അനുഭവത്തിന്റെ തനി ആവര്‍ത്തനമാകും ഇതെന്ന് സ്വാഭാവികമായും ഭയപ്പെടുന്നു. ആയതിനാല്‍ വീഴ്ച മനസ്സിലാക്കി ആവശ്യമായ തിരുത്തല്‍ വരുത്തണമെന്നും യാഥാര്‍ത്ഥ്യങ്ങള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.
മേലില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉത്തരവാദിത്ത ബോധത്തോടെയും ജാഗ്രതയോടെയും വിഷയങ്ങള്‍ കൈകാര്യം ചെയ്യണമെന്നും വ്യാപാരികള്‍ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിക്കുന്നു.
മുമ്പ് ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ നിപ്പാ രോഗം ബാധിച്ച് മരണങ്ങള്‍ സംഭവിച്ചപ്പോഴും മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്ന് മരണപ്പെട്ട സ്വാലിഹിന്റെയും സാബിത്തിന്റെ പിതാവ് മൂസ മരിക്കുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്തവന്ന് രണ്ട് ദിവസത്തിനുശേഷമായിരുന്നു മൂസ മരണപ്പെട്ടത്. കൂടാതെ ഒരു പ്രദേശത്തെ തന്നെ പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുന്ന തരത്തിലാണ് ചില മാധ്യമങ്ങള്‍ വിഷയം കൈകാര്യം ചെയ്തത് എന്ന വിമര്‍ശനം ശക്തമായിരുന്നു.