പേരാമ്പ്ര ഹസ്ത ഉദ്ഘാടനം വേദിയില്‍ വീടിന് ധനസഹായവുമായി ഇമ്പിച്ചി അലി; സദസ്സില്‍ കരഘോഷമുയര്‍ത്തി പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം



പേരാമ്പ്ര: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പേരാമ്പ്രയിലെ ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടന പ്രഭാഷണം നടത്തവെ വേദിയില്‍ നിന്നൊരാള്‍ സ്‌നേഹവീട് പദ്ധതിക്കായി തുക വാഗ്ദാനം ചെയ്തത് സദസ്സില്‍ കരഘോഷം ഉയര്‍ത്തി. ജീവകാരുണ്യ പ്രവര്‍ത്തകനും മലബാര്‍ ഗോള്‍ഡ് ഡയറക്ടറും അരിക്കുളം കെ.ഇമ്പിച്ചി അലിയാണ് ഹസ്ത നിര്‍മിക്കുന്ന ആദ്യ സ്‌നേഹ വീടിന്റെ മുഴുവന്‍ തുകയും വാക്ദാനം ചെയ്തത്.

ഹസ്തയുടെ സ്‌നേഹ വീട് പദ്ധതിയടക്കമുള്ള എല്ലാ പ്രവര്‍ത്തങ്ങള്‍ക്കും ദൈവ കൃപയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നതിനിടയിലാണ് ആശംസകനായി എത്തിയ ഇമ്പിച്ചി അലി സദസ്സില്‍ സഹായ വാഗ്ദാനം നല്‍കിയത്. പ്രഖ്യാപനം കേട്ടപ്പോള്‍ വികാരഭരിതനായ പ്രതിപക്ഷ നേതാവ് ഇമ്പിച്ചി അലിയെ പ്രശംസിച്ചു.

ഉദ്ഘാടന പ്രഭാഷണത്തിനിടയില്‍ ഇങ്ങനെയൊരു പ്രഖ്യാപനം നടത്താന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ തുടക്കം ശുഭകരമാണെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന പ്രഭാഷണത്തിന് ശേഷം അദ്ദേഹം ഇമ്പിച്ചി അലിയെ ആശ്ലേഷിച്ചു.