കൊയിലാണ്ടി മൈജി മൊബൈല്‍ ഷോപ്പില്‍ മോഷണം; മോഷ്ടാവ് അകത്തുകടന്നത് മുന്‍വശത്തെ ഗ്ലാസ് തകര്‍ത്ത്


കൊയിലാണ്ടി: ദേശീയപാതയ്ക്ക് അരികില്‍ കൊയിലാണ്ടി എസ്.ബി.ഐ ജങ്ഷന് സമീപത്തുള്ള മൈജി ഷോറൂമില്‍ മോഷണം. ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് ശേഷമാണ് മോഷണം നടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

മുന്‍വശത്തെ ഗ്ലാസ് തകര്‍ത്ത് അകത്തുകടന്ന് താഴത്തെ നിലയിലെ ഷട്ടര്‍ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. തുടര്‍ന്ന് മുകളിലെ നിലയിലെ ഗ്ലാസ് തകര്‍ത്തു. പിറകുവശത്തുകൂടി അകത്തുകടന്നാവാം മോഷ്ടിച്ചതെന്ന് കടയിലെ ജീവനക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

രാവിലെ കട തുറക്കാനെത്തിയപ്പോള്‍ ഗ്ലാസ് തകര്‍ത്തത് കണ്ടാണ് കടയിലെ ജീവനക്കാര്‍ ശ്രദ്ധിച്ചത്. ഉടനെ കൊയിലാണ്ടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

എന്താണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. പൊലീസ് പരിശോധന പൂര്‍ത്തിയായശേഷം അകത്തുകയറി പരിശോധിച്ചാലേ എന്താണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമാകൂവെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. സി.സി.ടി.വിയില്‍ മോഷ്ടാവ് എന്തോ സാധനങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകുന്നതായി കാണുന്നുണ്ട്. ഒരാള്‍ മാത്രമാണ് അകത്തുകടന്നിട്ടുള്ളതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായത്.