ഓയില്‍ മറിഞ്ഞ് അപകടാവസ്ഥയിലായി പാലേരി എസ് വളവില്‍ റോഡ്; അരമണിക്കൂറിനുള്ളില്‍ റോഡ് വൃത്തിയാക്കി പേരാമ്പ്ര അഗ്നിശമന സേനയും നാട്ടുകാരും


കൊയിലാണ്ടി: ഓയില്‍ മറിഞ്ഞതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ കൊയിലാണ്ടി പാലേരി കുഴിമ്പിലിന് സമീപത്തെ എസ് വളവില്‍ റോഡ് ശുചീകരിച്ച് അഗ്നിശമന സേന. ഇന്ന് രാവിലെ 11മണിയോടെയായിരുന്നു സംഭവം. റോഡില്‍ ഓയില്‍ മറിഞ്ഞതിനെ തുടര്‍ന്ന് രണ്ട് ഇരുചക്രവാഹനങ്ങള്‍ തെന്നി വീണിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പേരാമ്പ്ര അഗ്നിശന സേനയെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റ് സ്ഥലത്തെത്തി സോപ്പുപൊടി ഉപയോഗിച്ച് റോഡ് കഴുകി ഗതാഗതം പുനഃസ്ഥാപിച്ചു. സേനയ്‌ക്കൊപ്പം പ്രദേശവാസികളും സഹായത്തിനെത്തിയതോടെ അരമണിക്കൂറിനുള്ളില്‍ റോഡ് വൃത്തിയാക്കുകയായിരുന്നു.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര് ബബീഷ് ടി, വിപിന്‍ കെ.പി, ധീരജ്‌ലാല്‍ പി.സി, സ്മിതേഷ് പി.കെ എന്നിവരും സംഘത്തിലുണ്ടായിരുന്നു.