മയക്കുമരുന്ന് മാഫിയക്കാരേ, ഒരു നാട് ഒന്നായി ഇറങ്ങിയിരിക്കുകയാണ്. ലഹരി വിമുക്ത കൊയിലാണ്ടിയെ തിരികെ കൊണ്ടുവരാൻ; കരുതിയിരുന്നോളു, എപ്പോൾ വേണമെങ്കിലും പിടി വീഴാം


കൊയിലാണ്ടി: നഗരത്തിലെ കഞ്ചാവ്-മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടത്തിന് തടയിടാൻ ശക്തമായ ശ്രമങ്ങളുമായി ജനകീയ കമ്മറ്റിയും പോലീസും. കൊയിലാണ്ടി പൊലീസിന്റെയും ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകളുടെ ജനകീയ ഇടപെടലിന്റെയും ഫലമായാണ് കൊയിലാണ്ടിയിൽ സമീപ കാലങ്ങളിലായി വിവിധ ഇടങ്ങളിൽ മയക്കുമരുന്ന് കച്ചവടക്കാർക്ക് പിടി വീണത്.

കൊയിലാണ്ടി പ്രദേശത്ത് മയക്കു മരുന്ന് വിൽപ്പനയും ഉപയോഗവും വ്യാപകമായതോടെ സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽ കുമാറിന്റെ നേതൃത്ത്വത്തിലുള്ള സംഘം തന്നെ ഇറങ്ങി, മയക്കുമരുന്നിനെ കൊയിലാണ്ടിയിൽ നിന്ന് ഇറക്കി ഓടിക്കാൻ. സി.ഐ യുടെ നേതൃത്ത്വത്തിലുള്ള സംഘം നഗരത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ലഹരി മാഫിയ സംഘങ്ങള്‍ ലഹരി ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ സ്‌കൂള്‍ കുട്ടികളില്‍ ചിലരെ ഉപയോഗിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെന്ന് നാട്ടുകാർ പറയുന്നു. സ്‌കൂള്‍ ബാഗില്‍ കളര്‍ ഡ്രസ് കൊണ്ടുവന്ന് ടൗണിലെത്തിയാല്‍ യൂണിഫോം മാറ്റി ഈ വസ്ത്രങ്ങള്‍ അണിഞ്ഞ് ലഹരി വില്‍പ്പന നടത്തുകയാണ് ഇവര്‍ ചെയ്യുക.

ഇതിനിടയിൽ ഇവരുടെ വലയിൽ പെട്ട് പോകുന്ന വിദ്യാർത്ഥികളും ഉണ്ട്. സമീപ കാലത്തിൽ ഒരു വിദ്യാര്‍ഥിയ്ക്ക് ബലം പ്രയോഗിച്ച് ലഹരി നല്‍കിയ സംഭവമുണ്ടായിരുന്നു കൊയിലാണ്ടിയില്‍. ലഹരി വില്‍പ്പന സംഘങ്ങള്‍ സാധനങ്ങള്‍ കൈമാറുന്നത് നേരിട്ടു കണ്ട കുട്ടിയാണ് ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. ഇതുപോലെ ലഹരി സംഘങ്ങളെ ചോദ്യം ചെയ്യുന്നവരെ ഇത്തരക്കാര്‍ കയ്യേറ്റം ചെയ്ത സംഭവങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അതിനാല്‍ പലരും ഇത്തരക്കാരെ കണ്ടില്ലെന്ന് നടിച്ച് പോവുകയാണ് ചെയ്യുന്നത്.

ഇതിനെ ചെറുക്കാൻ കൂടിയാണ് മുൻസിപാലിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കമ്മറ്റി ഉണ്ടാക്കിയത്. കൊയിലാണ്ടി നഗരസഭാ അധ്യക്ഷ സുധ കിഴക്കേപ്പാട്ട്, വെസ് ചെയർമാൻ കെ സത്യൻ, കെ ഷിജു മറ്റ് കൗൺസിലർമാർ എന്നിവരോടൊപ്പം ഡി.വൈ.എഫ്.ഐയുടെ പ്രവർത്തകരും കൈകോർത്ത് തിരച്ചിൽ നടത്തുന്നുണ്ട്. കണ്ണ് വെട്ടിക്കാമെന്നോ, അർദ്ധ രാത്രിയിലോ കച്ചവടം നടത്താമെന്ന ചിന്തയോ വേണ്ട. അഞ്ച് സ്ക്വാഡുകളായി 24 മണിക്കുറും ഇവർ തെരച്ചിൽ നടത്തുന്നു.

ഓൺലൈൻ കച്ചവടമാണ് മാഫിയയും പ്രധാനമായി ഉപയോഗിക്കുന്നതെന്ന് സി.ഐ പറഞ്ഞു. വില്‍പ്പനക്കാര്‍ ഏതെങ്കിലും സ്ഥലത്ത് തമ്പടിക്കുകയും ഓണ്‍ലൈന്‍ വഴി ഇതിന്റെ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുകയും ആണ് ചെയ്യുക.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് അടക്കമുള്ള മയക്ക് മരുന്നുകള്‍ കൊയിലാണ്ടിയിലാണെത്തുന്നതെന്ന് എക്‌സൈസ് കേന്ദ്രങ്ങള്‍ പറയുന്നത്. അതിനാൽ തന്നെ കൊയിലാണ്ടിയിലെ മയക്കുമരുന്ന് മാഫിയയെ പൂർണ്ണമായി തകർക്കുക അൽപ്പം ശ്രമകരമാണെങ്കിലും സി.ഐ യുടെയും എസ്.ഐ അനുപ് കുമാറിന്റെയും നേതൃത്വത്തിൽ ഉള്ള സംഘം ഇതിനെ ശിഥിലമാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നു.

വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് സിഐ സുനിൽ കുമാർ പറഞ്ഞു. ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ മയക്കു മരുന്നിന്റെ വിൽപ്പന കൂടുതലായി ശ്രദ്ധയില്പെട്ടിട്ടുള്ളതിനാൽ സ്റ്റാൻഡിൽ പിങ്ക് പൊലീസ് നിരീക്ഷണം ഉണ്ടാവും.

മാഫിയക്കാരുടെയും മയക്കുമരുന്ന് കച്ചവടക്കാരോടും ഒരു വാക്ക്, ഒരു നാട് ഒന്നായി ഇറങ്ങിയിരിക്കുകയാണ്. മയക്കുമരുന്നില്ലാത്ത കഞ്ചാവില്ലാത്ത കൊയിലാണ്ടിയെ തിരികെ കൊണ്ടുവരാൻ. അതുകൊണ്ട് കരുതിയിരുന്നോളു, എപ്പോൾ വേണമെങ്കിലും പിടി വീഴാം.