ബൈപ്പാസിനായി തോട് നികത്തിയതോടെ കുടിവെള്ളം ചെളിവെള്ളമായി, മഴക്കാലത്ത് വെള്ളപ്പൊക്കവും; കൊല്ലം നെല്ല്യാടി റോഡില്‍ പോറ്റോല്‍താഴ അണ്ടര്‍പാസിന് സമീപം ബൈപ്പാസ് പ്രവൃത്തി തടഞ്ഞ് പ്രദേശവാസികളുടെ പ്രതിഷേധം


കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൊല്ലം നെല്ല്യാടി റോഡില്‍ പൊറ്റോല്‍താഴ അണ്ടര്‍പാസിനു സമീപത്തുള്ള തോട് മണ്ണിട്ട് മൂടിയതില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍. നെല്ല്യാടി റോഡിന്റെ സമീപത്തുകൂടി കടന്നുപോകുന്ന കുറ്റിമാക്കൂല്‍-ഓച്ചക്കുളങ്ങര, നമ്പ്യാക്കല്‍താഴ, ചോര്‍ച്ചപ്പാലം, വിയ്യൂര്‍ വഴി നടേരിപ്പുഴയില്‍ അവസാനിക്കുന്ന തോടിന്റെ ഒഴുക്ക് തടസപ്പെടുത്തുംവിധം നമ്പ്യാക്കല്‍ ഭാഗങ്ങളില്‍ മണ്ണിട്ട് മൂടിയതിനെതിരെയാണ് പ്രദേശവാസികളുടെ പ്രതിഷേധം.

ബൈപ്പാസ റോഡ് ഉപരോധിച്ചുകൊണ്ടാണ് ഇന്ന് രാവിലെ പൊറ്റോല്‍താഴ അണ്ടര്‍പാസിന് സമീപം പരിസരവാസികള്‍ പ്രതിഷേധിച്ചത്. ഈ തോട് മണ്ണിട്ട് മൂടിയത് പ്രദേശവാസികള്‍ക്ക് വെള്ളപ്പൊക്ക ഭീഷണി സൃഷ്ടിച്ചിട്ടുണ്ടെന്നും പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകാന്‍ കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സമരം.

ഈ വിഷയം ചൂണ്ടിക്കാട്ടി പരിസരവാസികള്‍ വില്ലേജ് ഓഫീസര്‍ മുതല്‍ ജില്ലാ കലക്ടര്‍ വരെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നെന്നാണ് പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. തോട് മൂടിയ മണ്ണ് നീക്കം ചെയ്യാന്‍ നിര്‍ദേശമുണ്ടായിട്ടും ഒരുവര്‍ഷത്തിനിപ്പുറവും കരാറുകാരന്‍ മണ്ണ് നീക്കിയിട്ടില്ല. മാത്രവുമല്ല ഇപ്പോഴും ഈ സ്ഥലത്ത് കൂടുതല്‍ മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുകയാണെന്നും ഇവര്‍ പറയുന്നു.

തോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ഈ വെള്ളം ആശ്രയിച്ചാണ് വിയ്യൂരിലും കക്കുളം പാടശേഖരങ്ങളിലും വാഴ കൃഷിയും പച്ചക്കറി കൃഷിയുമെല്ലാം നടത്തിക്കൊണ്ടിരുന്നത്. ഈ കൃഷികള്‍ നശിച്ചുകൊണ്ടിരിക്കുകയാണെന്നും പരിസരവാസികള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ ബൈപ്പാസ് പ്രവൃത്തി തടസപ്പെടുത്തി സമരവുമായി മുന്നോട്ടുപോയത്.

സമരത്തെ തുടര്‍ന്ന് മണ്ണ് നീക്കി തരാമെന്ന് കരാറുകാരന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് ഇത് നികത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബൈപ്പാസിന്റെ സര്‍വ്വീസ് റോഡ് ഇതുവഴിയാണ് കടന്നുപോകുകയെന്നാണ് കരാറുകാര്‍ പറഞ്ഞത്. ഇവിടെ ഇങ്ങനെയൊരു തോടില്ലയെന്നാണ് അവര്‍ പറയുന്നതെന്നും പരിസരവാസികള്‍ പറഞ്ഞു. എന്നാല്‍ തോട്ടില്‍ ഇനി മണ്ണിടാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇവര്‍ പിരിഞ്ഞത്.

സമരത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ അരീക്കല്‍ ഷീബ, നടേരി ഭാസ്‌കരന്‍, വി.വി.സുധാകരന്‍ തുടങ്ങിയവര്‍ പ്രദേശവാസികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.