‘മുൻപും അസുഖം വന്നപ്പോൾ അതിജീവിച്ച്‌ തിരികെയെത്തി രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായതാണ്’; കൊയിലാണ്ടി നോർത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി അധ്യക്ഷൻ നിഷാദിന് അന്ത്യാഞ്ജലി അർപ്പിച്ച് നാട്


കൊയിലാണ്ടി: സാമൂഹിക രാഷട്രീയ രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന തങ്ങളുടെ പ്രിയപ്പെട്ട നിഷാദിന് നാട് വിടചൊല്ലി. ഇന്നലെ അന്തരിച്ച നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടുമായ അഡ്വ.കെ.പി.നിഷാദിന് ആണ് കണ്ണീരോടെ സഹപ്രവർത്തകരും നാട്ടുകാരും അന്ത്യാജ്ജലി അർപ്പിച്ചു. നിഷാദിനെ അവസാനമായി ഒരു നോക്ക് കാണുവാൻ നാടിൻറെ നാനാതുറകളിൽ നിന്നും പാർട്ടി വേർതിരുവുകളില്ലാതെ അനവധി പ്രവർത്തകരെത്തി.

കെ.മുരളീധരൻ എം പി വീട്ടിലെത്തി അന്തിമോചാരം അർപ്പിച്ചു. കൊല്ലം പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ബോർഡും മെംബറും എസ് എൻ ഡി പി യൂണിയൻ്റെ സജീവ പ്രവർത്തകനുമായിരുന്നു നിഷാദ്. വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നതിനാൽ നാട്ടുകാരുമായെല്ലാം സൗഹൃദപരമായ ബന്ധമായിരുന്നു.

കരൾ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇതേ അവസ്ഥയെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്തതിന് ശേഷം പൊതുപ്രവര്‍ത്തന രംഗത്ത് നിഷാദ് വീണ്ടും സജീവമായി.

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് നിഷാദ് 16 കിലോമീറ്ററോളം ദൂരം നടന്നിരുന്നു. എന്നാൽ അപ്പോഴും അദ്ദേഹം യാതൊരു അസ്വസ്ഥതയും പ്രകടിപ്പിച്ചിരുന്നില്ല. പിന്നീട് വയ്യാതെയായതിനു പിന്നാലെ ആസ്റ്റര്‍ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് അത്യാഹിത വിഭാഗത്തിലായിരുന്നു.

കൊയിലാണ്ടി നഗരസഭാ ചെയർപെഴ്സൺ സുധ കിഴക്കേപ്പാട്ട്, പയ്യോളി നഗരസഭ ചെയർമാൻ ഷഫീക്ക് വടക്കെയിൽ, കെ.പി.സി സി ജനറൽ സെക്രട്ടറി പി.എം നിയാസ്, മെംബർമാരായ മoത്തിൽ നാണു, കെ.പി ബാബു, പി.രത്നവല്ലി, സത്യൻ കടിയങ്ങാട്, ഡിസിസി ഭാരവാഹികളായ ടി. ഗണേഷ് ബാബു, വി.പി.ഭാസ്ക്കരൻ, രാജേഷ് കീഴരിയൂർ ,മുനീർ എരവത്ത് എന്നിവർ അനുശോചിച്ചു.

മുസ്ലീം ലീഗ് നേതാവ് ഉമ്മർ പാണ്ടികശാല, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ, സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രൻ, മുൻ എം.എൽ.എ കെ.ദാസൻ, കെ.എസ് യു മുൻ സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത് നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് പി.കെ.പുരുഷോത്തമൻ, പ്രിയദർശിനി ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടി സുനിൽ വിയ്യൂർ, പിഷാരികാവ് ഭക്തജനസമിതി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ തുടങ്ങിയവരും ഭവനത്തിലെത്തി അനുശോചനം അർപ്പിച്ചു.

പരേതനോടുള്ള ആദരസൂചകമായി കൊല്ലം ടൗണിൽ കടകൾ അടച്ച് ഹർത്താൽ ആചരിച്ചു.