ദേശീയപാതാ വികസനം: ഇരുപതാം മൈലിൽ അടിപ്പാത വേണമെന്ന് ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
നന്തി ബസാർ: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുമ്പോൾ നന്തിക്കടുത്ത് ഇരുപതാം മൈൽസിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
ദേശീയപാതാ വികസന പ്രവൃത്തി പകുതിയോളം പൂർത്തിയായപ്പോൾ പാതയുടെ ഇരുവശത്തും ഉയരമുള്ള മതിലാണ് നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. പാതയുടെ കിഴക്ക് ഭാഗത്തുള്ളവർക്ക് പടിഞ്ഞാറു ഭാഗത്ത് വരാനോ പടിഞ്ഞാറു ഭാഗത്തുള്ളവർക്ക് കിഴക്ക് ഭാഗത്ത് വരാനോ സാധിക്കാത്ത ഉയരത്തിലാണ് മതിൽ പണിയുന്നത്.
ഇത് വരെ അയൽവാസികളും ബന്ധുക്കളുമായിക്കഴിഞ്ഞിരുന്നവർ അകന്ന് പോകുന്ന രീതിയിലാണ് വികസന പ്രവർത്തനമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈ പ്രശ്നത്തിന് പരിഹാരം വേണമെന്ന ആവശ്യമുയർത്തിയാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്.
ഇരുപതാം മൈൽ മദ്രസയിലാണ് വെള്ളിയാഴ്ച ആക്ഷൻ കമ്മിറ്റി രൂപീകരണ യോഗം നടന്നത്. വാർഡ് മെമ്പർ എ.വി.ഉസ്ന അധ്യക്ഷയായി. മൂന്നാം വാർഡ് മെമ്പർ റജുല, എം.സി.ഷറഫുദ്ദീൻ, വി.വി.സുരേഷ്, സി.ഫൈസൽ, കുഞ്ഞബ്ദുള്ള തിക്കോടി എന്നിവർ സംസാരിച്ചു. സി.കെ.സുരേഷ് സ്വാഗതം പറഞ്ഞു. ഇരുപതാം മൈൽസിൽ അടിപ്പാത നിർമ്മിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് കമ്മിറ്റിയുടെ ആവശ്യം.
ബഷീർ കുന്നുമ്മൽ (ചെയർപേഴ്സൺ), സി.ഫൈസൽ (കൺവീനർ), മോഹനൻ വൈദ്യർ (ട്രഷറർ), കെ.കെ.അബ്ദുറഹിമാൻ, സി.കെ.സുരേഷ് (വൈസ് ചെയർപേഴ്സൺ), കെ.വി.സനൽ, നിയാസ് പി.കെ (ജോയിന്റ് കൺവീനർ) എന്നിവരാണ് ആക്ഷൻ കമ്മിറ്റിയുടെ ഭാരവാഹികൾ.