പന്തലായനി നിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയുള്ള ദേശീയപാത നിര്‍മ്മാണത്തിനെതിരെ ജനങ്ങള്‍ അണിനിരക്കുന്നു; ബോക്‌സ് കല്‍വര്‍ട്ട് അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി ജനകീയ പ്രതിഷേധ സംഗമം ജൂണ്‍ 30ന്


കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി പന്തലായനി ഭാഗത്തെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ പൂര്‍ണമായും തടസപ്പെടുത്തുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. ഇവിടെ യാത്രാ തടസം ഒഴിവാക്കാന്‍ ബോക്‌സ് കല്‍വര്‍ട്ട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രദേശത്ത് സമരപ്പന്തല്‍ നിര്‍മ്മിച്ചിട്ടുണ്ട്.

സമരപരിപാടികളുടെ ആദ്യഘട്ടം എന്ന നിലയില്‍ ജൂണ്‍ 30 ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് പന്തലായനി കാട്ടുവയല്‍ റോഡില്‍ ബൈപ്പാസ് കടന്നുപോകുന്ന ഭാഗത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. തുടര്‍ന്നും ജനങ്ങളുടെ ആവശ്യത്തോട് അനുകൂല സമീപനം ദേശീയപാത അതോറിറ്റിയില്‍ നിന്നുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും പന്തലായനി ഗതാഗത സംരക്ഷണ സമിതി മുന്നറിപ്പ് നല്‍കി.

പന്തലായനിയിലെ മൂന്ന് റോഡുകള്‍ക്ക് കുറുകേയാണ് ബൈപ്പാസ് കടന്നുപോകുന്നത്. പന്തലായനി- വിയ്യൂര്‍ റോഡ്, കാട്ടുവയല്‍ റോഡ്, കോയാരിക്കുന്ന് റോഡ് എന്നിവയുടെ കുറുകേ ഏകദേശം ഏഴരമീറ്റര്‍ ഉയരത്തിലൂടെയാണ് ബൈപ്പാസ് പോകുന്നത്. ഇതുകാരണം ബൈപ്പാസിന്റെ ഇരുഭാഗത്തുമുള്ളവര്‍ക്ക് സര്‍വ്വീസ് റോഡില്‍ പ്രവേശിക്കുകയെന്നത് ബുദ്ധിമുട്ടാണ്.

ഏകദേശം അയ്യായിരത്തോളം വരുന്ന കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയാണ് ഇത് ബാധിക്കുക. കൊയിലാണ്ടി ടൗണ്‍, പന്തലായനി അഘോര ശിവക്ഷേത്രം, പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ബി.ഇ.എം. യു.പി സ്‌കൂള്‍, മിനി സിവില്‍സ്റ്റേഷന്‍, വാട്ടര്‍ അതോരിറ്റി, ഗുരുദേവ മെമ്മോറിയല്‍ കോളേജ്, എന്നിവിടങ്ങളിലേക്ക് പന്തലായനിയിലുള്ളവര്‍ക്ക് പോകാന്‍ പ്രയാസമാകും. പടിഞ്ഞാറ് വശത്തുള്ളവര്‍ക്ക് പെരുവട്ടൂര്‍ യു.പി സ്‌കൂള്‍, അമൃത വിദ്യാലയം, ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകാനോ കഴിയാതെ വരും.

ഈ പ്രശ്‌നം ജനകീയ കമ്മിറ്റിയായ ഗതാഗത സംരക്ഷണ സമിതി അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും അസിസ്റ്റന്റ് കലക്ടറും ജില്ലാ കലക്ടറും പദ്ധതി പ്രദേശം സന്ദര്‍ശിച്ച് അനുഭാവപൂര്‍ണണായ സമീപനം സ്വീകരിക്കുകയും ചെയ്തിരുന്നു. ബൈപ്പാസിന്റെ കിഴക്ക് ഭാഗത്തുള്ളവര്‍ക്ക് പടിഞ്ഞാറ് ഭാഗത്ത് എത്താന്‍ കാട്ടുവയല്‍ റോഡില്‍ ഒരു ബോക്‌സ് കല്‍വര്‍ട്ട് സ്ഥാപിക്കണണെന്ന ആവശ്യമാണ് ഗതാഗത സംരക്ഷണ സമിതി മുന്നോട്ടുവെച്ചത്. എന്നാല്‍ ഇതിനെതിരെ തടസവാദങ്ങളുന്നയിക്കുകയാണ് ദേശീയപാത അതോറിറ്റി ചെയ്തത്. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തുവരുന്നത്.