ആറ് രാപ്പകലുകള്‍ ഭൂഗര്‍ഭപാതയില്‍; അതിര്‍ത്തി കടക്കാനായി നല്‍കേണ്ടിവന്നത് വന്‍തുക; യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നും തിരിച്ചെത്തിയ ആശ്വാസത്തില്‍ പയ്യോളി സ്വദേശികളായ വിദ്യാര്‍ഥികള്‍
പയ്യോളി: യുക്രൈനില്‍ നിന്ന് ജീവനോടെ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് പയ്യോളി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍. അയനിക്കാട് കുറ്റിയില്‍ പീടികക്ക്സമീപം സ്വലാഹ്’ല്‍ ബാബുവിന്റെയും ശബ്നയുടെയും മകന്‍ മുഹമ്മദ് ഫാഹിം, അയനിക്കാട് കിഴക്കെ പുതുക്കുടി കുഞ്ഞബ്ദുല്ലയുടെയും ജാസ്മിന്റെയും മകന്‍ ജിഫ്രിന്‍, ഇരിങ്ങല്‍ കോട്ടക്കല്‍ കിഴക്കെ പൈത്താന്റവിട ബാബുരാജിന്റെയും ലീനയുടെയും മകന്‍ നെവിന്‍ ബി. രാജ് എന്നിവരുള്‍പ്പടെ ഇരുപത്തിയൊന്നംഗ മെഡിക്കല്‍ വിദ്യാര്‍ഥി സംഘമാണ് കഴിഞ്ഞ ദിവസം ന്യൂഡല്‍ഹി വഴി കൊച്ചിയിലെത്തിയത്.
യുദ്ധമാരംഭിച്ചതു മുതല്‍ ഖാര്‍കിവിലെ മെട്രോ ഭൂഗര്‍ഭപാതയില്‍ അഭയം പ്രാപിക്കുകയായിരുന്നു ഇവര്‍. ആറു രാപ്പലുകള്‍ ഇവിടെ തള്ളിനീക്കിയത്. കൈയില്‍ കരുതിവെച്ച അത്യാവശ്യം വേണ്ട ഭക്ഷണസാധനങ്ങളും മെട്രോപാതയുടെ ഭാഗമായുള്ള മുടങ്ങാതെയുള്ള കുടിവെള്ളവുമായിരുന്നു ജീവന്‍നിലനിര്‍ത്താന്‍ സഹായിച്ചത്. ഉറക്കംപോലുമില്ലാത്ത ദിവസങ്ങളായിരുന്നു അതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഒടുവില്‍ മാര്‍ച്ച് ഒന്നിനാണ് അതിര്‍ത്തി കടക്കാനുള്ള അവസരമൊരുങ്ങിയത്.
ഖാര്‍കിവില്‍നിന്ന് 22 മണിക്കൂര്‍ നീണ്ട ട്രെയിന്‍യാത്രക്ക് അഞ്ഞൂറ് ഡോളറും വീണ്ടും മറ്റൊരു സ്ഥലത്തേക്ക് ബസ്സില്‍ എണ്‍പത് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വാങ്ങിയത് ആയിരം ഡോളറുമാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. കൂടുതലായി യുക്രെയ്ന്‍ കറന്‍സിയാണ് ഉണ്ടായിരുന്നതെങ്കിലും യു.എസ് ഡോളര്‍ മാത്രമാണ് ഇടപാടുകള്‍ക്കായി സ്വീകരിച്ചിരുന്നുതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അതിര്‍ത്തി കടന്ന് പോളണ്ടിലെത്തിയതോടെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ വിദ്യാര്‍ത്ഥിസംഘം ഡല്‍ഹിയിലെത്തുകയായിരുന്നു.
മുഹമ്മദ് ഫാഹിമും ജിഫ്രിനും നാലാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് രണ്ട് പേരുടെയും കുടുംബാംഗങ്ങള്‍. നെവിന്‍ ബി. രാജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.