അവസാനകാലത്ത് ഷെയ്ന്‍ വോണ്‍ സ്വീകരിച്ച ലിക്വിഡ് ഡയറ്റ് അപകടകരമോ? ഈ ഡയറ്റിനെക്കുറിച്ച് അറിയാം വിശദമായി


സ്‌ത്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണിന്റെ മരണം ഏവരേയും ഞെട്ടിച്ചിരുന്നു. 52ാം വയസില്‍ ഹൃദയാഘാതം മൂലമാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. എന്നാല്‍ മരിക്കുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ അദ്ദേഹം കഠിനമായ ലിക്വിഡ് ഡയറ്റിലായിരുന്നുവെന്നും ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടാവാമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

ലിക്വിഡ് ഡയറ്റിലെ അപകടങ്ങള്‍:

കലോറി കുറഞ്ഞ ദ്രവരൂപത്തിലുള്ള ഭക്ഷണ പദാര്‍ഥം മാത്രം കഴിച്ച് ശരീരഭാരം കുറയ്ക്കുന്ന രീതിയാണിത്. പാല്‍, ജ്യൂസ്, ഷേക്ക്, സ്മൂത്തി തുടങ്ങിയവയാണ് ഈ ഡയറ്റിന്റെ ഭാഗമായി കഴിക്കുക. എളുപ്പം വണ്ണം കുറയ്ക്കാമെന്ന പ്രതീക്ഷയിലും പലരും കേട്ടപാതി കേള്‍ക്കാത്ത പാതി ഇതിന് തയ്യാറാവുകയും ചെയ്യും. എന്നാല്‍ ഇത്തരം ഡയറ്റുകള്‍ ശരീരത്തിന് ഏറെ അപകടമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

കുറഞ്ഞ കലോറിയിലുള്ള ഡയറ്റ് ഹൃദയത്തെ ബാധിക്കുമെന്നാണ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ചീഫ് മെഡിക്കല്‍ ഉപദേഷ്ടകനായ പ്രഫസര്‍ ഗാരി ജെന്നിങ്‌സ് പറയുന്നത്. ഹൃദയസംബന്ധമായ രോഗമുള്ളവരില്‍ ഇത്തരം കടുത്ത ഡയറ്റുകള്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും.

അടിസ്ഥാനപരമായി, നമ്മുടെ മെറ്റബോളിസം, ശരീരത്തിലെ ദ്രൈവകങ്ങള്‍, ഉപ്പ്, മറ്റ് ഇലക്ട്രോലൈറ്റുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ പാളിച്ചകളുണ്ടാവാന്‍ കാരണമാകും. കൂടാതെ കുറഞ്്ഞ കലോറിയുളള ഭക്ഷണങ്ങളില്‍ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ കൃത്യമായ ബാലന്‍സിങ് നടക്കില്ല. ലിക്വിഡ് ഡയറ്റ് മെറ്റബോളിസം കുറയ്ക്കുമെന്നതിനാല്‍ ഡയറ്റില്‍ ഇളവ് വന്നാല്‍ പഴയ ശരീരപ്രകൃതിയിലേക്ക് വളരെ വേഗം മടങ്ങിപ്പോകുകയും ചെയ്യും.

ഗര്‍ഭിണികള്‍, ഇന്‍സുലിന്‍ ഉപയോഗിക്കുന്ന പ്രമേഹ രോഗികള്‍, ഗുരുരമായ മറ്റ് രോഗങ്ങളുള്ളവര്‍ ഒക്കെ ഈ ഡയറ്റ് സ്വീകരിക്കാന്‍ പാടുളളതല്ല.

ഒരു പോഷകാഹാര വിദഗ്ധന്റെ നിര്‍ദേശപ്രകാരം ആരോഗ്യപരമായ ഭക്ഷണശീലം ഉറപ്പാക്കുകയാണ് ഏറ്റവും പ്രധാനം. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെ വരുമ്പോള്‍ ക്ഷീണവും തലകറക്കവും ഉന്മേഷക്കുറവും മുടികൊഴിച്ചിലം മറ്റും അനുഭവപ്പെടുകയും ഇത് ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.